40കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: പൊലീസുകാരന്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2020 07:49 AM |
Last Updated: 29th January 2020 07:49 AM | A+A A- |
പ്രതീകാത്മകചിത്രം
കൊല്ലം: മാനസികവെല്ലുവിളി നേരിടുന്ന നാല്‍പ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. ഇവരെ പലതവണ പീഡിപ്പിച്ചെന്ന കേസില്‍ വേറൊരാളും അറസ്റ്റിലായി.
പത്തനംതിട്ട മണിയാര്‍ കെഎപി അഞ്ചാം ബറ്റാലിയനിലെ ഹവില്‍ദാര്‍ ജയകുമാറാ(43)ണ് പീഡനശ്രമത്തിന് അറസ്റ്റിലായത്. എസ് എന്‍ പുരം ഇടയാടി വിളവീട്ടില്‍ സുന്ദരന്‍ (50) ആണ് പീഡനക്കേസില്‍ അറസ്റ്റിലായ മറ്റൊരാള്‍.
കഴിഞ്ഞ 20ന് രാത്രിയാണ് ജയകുമാര്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.ജയകുമാര്‍ സ്ത്രീയുടെ വീട്ടിലെത്തി പോലീസാണെന്നു പറഞ്ഞ് വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ പരാതിക്കാരിക്കുനേരേ ലൈംഗികാതിക്രമം കാട്ടി. കുതറിയോടിയ സ്ത്രീക്കു പിന്നാലെ ഇയാള്‍ ഓടിയെങ്കിലും പിടികൂടാനായില്ല. പ്രദേശത്തുണ്ടായിരുന്നവരോട് സ്ത്രീ വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പൊലീസില്‍ അറിയിച്ചു.
റൂറല്‍ എസ് പി ഹരിശങ്കര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വനിതാ സെല്‍ സിഐയുടെ നേതൃത്വത്തില്‍ സ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയശേഷം കേസ് പുത്തൂര്‍ പോലീസിന് കൈമാറി. തുടര്‍ന്ന് ജയകുമാറിനെ അറസ്റ്റ് ചെയ്തു. പിന്നീട് മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ സ്ത്രീ മൊഴി നല്‍കി. നിരവധിതവണ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുന്ദരനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.