ഇതിലും വലുതു കണ്ടിട്ടുണ്ട്, പ്രതിപക്ഷത്തെ പരിഹസിച്ച് ഗവര്‍ണര്‍ 

നിയമസഭയിലേക്ക് കയറിയപ്പോള്‍ പ്ലക്കാര്‍ഡും ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം തടഞ്ഞതിനെതിരെയാണ് ഗവര്‍ണറുടെ പരിഹാസം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇതിലും വലിയ പ്രതിഷേധം കണ്ടിട്ടുണ്ടെന്ന്, നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തെക്കുറിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപനത്തിന് ശേഷം നിയമസഭയില്‍നിന്ന് മടങ്ങുമ്പോഴായിരുന്നു ഗവര്‍ണറുടെ പ്രതികരണം. നിയമസഭയിലേക്ക് കയറിയപ്പോള്‍ പ്ലക്കാര്‍ഡും ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം തടഞ്ഞതിനെതിരെയാണ് ഗവര്‍ണറുടെ പരിഹാസം. 

അതേസമയം നയ പ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശം ഗവര്‍ണര്‍ സഭയില്‍ വായിച്ചു. നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശത്തില്‍ തനിക്ക് വിയോജിപ്പുണ്ടെങ്കിലും സര്‍ക്കാര്‍ നയമായതു കൊണ്ട് വായിക്കുന്നു എന്ന് വിശദീകരണം നല്‍കിയാണ് ഗവര്‍ണര്‍ ഇക്കാര്യം വായിച്ചത്. നയ പ്രഖ്യാപന പ്രസംഗത്തിലെ 18ാം ഖണ്ഡികയിലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശങ്ങള്‍ അടങ്ങിയിരിക്കുന്നത്.

ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന പൗരത്വനിയമ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണ് തുടങ്ങി 18ാം ഖണ്ഡികയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് ഗവര്‍ണര്‍ വായിച്ചത്. ഭരണഘടന അനുശാസിക്കുന്ന തുല്യയ്ക്ക് എതിരാണ് നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശം ഗവര്‍ണര്‍ വായിച്ചപ്പോള്‍, ഭരണപക്ഷാംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ച് സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള പരാമര്‍ശം വായിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മാനിക്കുന്നു. എങ്കിലും നിയമത്തിനെതിരെയുളള എതിര്‍പ്പില്‍ വിയോജിപ്പ് അറിയിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ഇത് സര്‍ക്കാരിന്റെ നയമല്ല, കാഴ്ചപ്പാട് മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള ഭാഗം വായിക്കില്ലെന്നായിരുന്നു ഗവര്‍ണറുടെ മുന്‍നിലപാട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുളള എതിര്‍പ്പ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് ഇന്ന് രാവിലെ കത്ത് അയച്ചിരുന്നു. ഇതിനെതിരെ വിയോജിപ്പ് ഉണ്ടെങ്കില്‍ സഭാരേഖകളില്‍ ഇതും ഉള്‍പ്പെടുത്താമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാദ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com