ഊണുകഴിക്കാന്‍ വിലങ്ങ് അഴിച്ചു; പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കവര്‍ച്ചാക്കേസ് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

കവര്‍ച്ചാക്കേസ് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തൃശൂര്‍: കവര്‍ച്ചാക്കേസ് പ്രതി തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. 

ബംഗ്ലാദേശ് സ്വദേശി മണിക് ആണ് ഒരു കൈയില്‍ വിലങ്ങുമായി ഇന്നലെ ഉച്ചയ്ക്ക് രക്ഷപ്പെട്ടത്. രണ്ടു കൈയിലും ഉണ്ടായിരുന്ന വിലങ്ങ് ഊണ് കഴിക്കുന്നതിന് വേണ്ടി ഒരു കൈയിലാക്കിയപ്പോഴായിരുന്നു രക്ഷപ്പെടല്‍. നാഗര്‍കോവിലിലേക്ക് പോവുകയായിരുന്ന ഏറനാട് എക്‌സ്പ്രസില്‍ നിന്നാണ് അകമ്പടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ പുറത്തേയ്ക്ക് ചാടിയത്. പൈങ്കുളം റെയില്‍വേ ഗേറ്റിനും കലാമണ്ഡലം റെയില്‍വേ മേല്‍പ്പാലത്തിനും ഇടയിലുളള ഭാഗത്ത് തീവണ്ടി വേഗം കുറച്ചപ്പോഴായിരുന്നു സംഭവം.

ഓടുന്നതിനിടെ ഇയാളുടെ മുണ്ട് നഷ്ടപ്പെട്ടിട്ടുണ്ട്. ബനിയനും ട്രൗസറും മാത്രം ധരിച്ച ഒരാള്‍ ഓടിപ്പോവുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ചെറുതുരുത്തി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് വീട് കൊളളയടിച്ച കേസിലെ പ്രതിയാണ് മണിക്. കണ്ണൂരിലേതിന് സമാനമായ കവര്‍ച്ച തൃപ്പൂണിത്തുറയിലും നടത്തിയിരുന്നു. ഇതിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ കണ്ണൂര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇയാള്‍ക്ക് സഹതടവുകാരുടെ മര്‍ദനമേറ്റിരുന്നു. തുടര്‍ന്നാണ് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റാനായി കൊണ്ടുപോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com