നയപ്രഖ്യാപന പ്രസംഗം ഇന്ന്; പൗരത്വ വിഷയത്തിലെ പരാമര്‍ശം വായിക്കില്ലെന്ന് ഗവര്‍ണര്‍; മുഴുവന്‍ വായിക്കണമെന്നില്ലെന്ന് സര്‍ക്കാര്‍

പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് ആവര്‍ത്തിച്ചു
നയപ്രഖ്യാപന പ്രസംഗം ഇന്ന്; പൗരത്വ വിഷയത്തിലെ പരാമര്‍ശം വായിക്കില്ലെന്ന് ഗവര്‍ണര്‍; മുഴുവന്‍ വായിക്കണമെന്നില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ വായിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, സര്‍ക്കാരുമായുളള പോര് മുറുക്കി ഗവര്‍ണര്‍. പൗരത്വനിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് ആവര്‍ത്തിച്ചു. അതേസമയം നയപ്രഖ്യാപന പ്രസംഗത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. പ്രസംഗം മുഴുവന്‍ ഗവര്‍ണര്‍ വായിക്കണമെന്നില്ല.സര്‍ക്കാരും ഗവര്‍ണറും ഭരണഘടനാപരമായ ദൗത്യം നിര്‍വഹിക്കും. സംസഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാകില്ലെന്നും ബാലന്‍ പറഞ്ഞു.

നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്താനാവില്ല എന്നതാണ് ഗവര്‍ണറുടെ നിലപാട്. അത് വായിക്കാന്‍ നിയമപരമായി തനിക്കു ബാധ്യതയില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് വീണ്ടും കത്തുനല്‍കി. സര്‍ക്കാരിന്റെ നിലപാടിനു വഴങ്ങില്ലെന്നു വ്യക്തമാക്കുന്നതാണ് പ്രസംഗത്തിന്റെ തലേന്നുള്ള ഗവര്‍ണറുടെ കത്ത്.

പൗരത്വനിയമ ഭേദഗതിക്കെതിരെ സര്‍ക്കാരും നിയമസഭയും സ്വീകരിച്ച നടപടികളെപ്പറ്റി പരാമര്‍ശിക്കുന്ന നയപ്രഖ്യാപനത്തിലെ 18-ാം ഖണ്ഡികയോടാണ് ഗവര്‍ണര്‍ക്ക് എതിര്‍പ്പ്. ഈ ഖണ്ഡിക സര്‍ക്കാരിന്റെ അഭിപ്രായം മാത്രമാണെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ നയപ്രസംഗത്തില്‍ പരാമര്‍ശിക്കുന്ന ഭാഗം വായിച്ചില്ലെങ്കിലും സഭാരേഖകളില്‍ മുഴുവന്‍ പ്രസംഗവും ഉള്‍പ്പെടുത്തും. 

ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ്, അതിനാല്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവര്‍ണര്‍ അതേപടി അംഗീകരിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. പൗരത്വനിയമ ഭേദഗതി സംസ്ഥാനവിഷയമായ കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നത്. പൗരത്വനിയമത്തെപ്പറ്റി പരാമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ലെന്നും സര്‍ക്കാര്‍ വാദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com