പള്‍സര്‍ ദിലീപിനെ വിളിച്ചത് നടിയെ ആക്രമിച്ചതിനു പണം തേടി; ഭീഷണി സന്ദേശമല്ലെന്ന് പ്രോസിക്യൂഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2020 03:37 PM  |  

Last Updated: 29th January 2020 03:37 PM  |   A+A-   |  

DILEEP

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനില്‍ കുമാര്‍ മറ്റൊരു പ്രതിയായ നടന്‍ ദിലീപിനെ ജയിലില്‍ നിന്നു ഫോണ്‍ വിളിച്ചത് പ്രതിഫലം ആരാഞ്ഞുകൊണ്ടായിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ഇതു ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ സന്ദേശം ആയിരുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി തന്നെ ജയില്‍നിന്നു ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണന്നും ഈ കേസ് പ്രത്യേകമായി വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ കോടതിയെ നിലപാട് അറിയിച്ചത്. പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. 

സുനി ദിലീപിനെ ഫോണ്‍ ചെയ്തത് നടിയെ ആക്രമിച്ചതിനുള്ള പ്രതിഫലം ആരാഞ്ഞുകൊണ്ടാണ്. ഇതു ഗൂഢാലോചനയുടെ ഭാഗമാണ്. ഇക്കാര്യം പ്രത്യേക കേസായി രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കോടതിയില്‍ ആശയക്കുഴപ്പമുണ്ടാക്കി വിചാരണ നീട്ടിക്കൊണ്ടുപോവാനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു.

താന്‍ ഇരയായ കേസും പ്രതിയായ കേസും ഒന്നിച്ചു വിചാരണ ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹര്‍ജി നല്‍കിയിട്ടുള്ളത്.