'പൗരത്വ നിയമത്തിനെതിരെ മാത്രമല്ല, കേന്ദ്രത്തിന് വേറെയും വിമര്‍ശനങ്ങള്‍'; ഒന്നുംവിടാതെ വായിച്ച് ഗവര്‍ണര്‍

പൗരത്വ നിയമ ഭേദഗതിക്ക് പുറമേ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം
നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുന്നു/ചിത്രം: ബി പി ദീപു
നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുന്നു/ചിത്രം: ബി പി ദീപു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് പുറമേ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെയും വിമര്‍ശിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. ഉത്പാദന മേഖലയില്‍ അടക്കം മാന്ദ്യം പ്രകടമായിട്ടും, ഇതില്‍ നിന്ന് കരകയറുന്നതിനുളള ഫലപ്രദമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന ഉണ്ടാവുന്നില്ലെന്ന് നയപ്രഖ്യാപന പ്രസംഗം കുറ്റപ്പെടുത്തുന്നു.

ഉത്പാദനമേഖലയില്‍ പ്രകടമായ മാന്ദ്യം, ഡിമാന്റ് കുറയ്ക്കാന്‍ ഇടയാക്കിയിരിക്കുകയാണ്. സ്വകാര്യ ഉപഭോഗം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ചെലവഴിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് മാന്ദ്യത്തെ മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.  എന്നാല്‍ വിരുദ്ധമായ കാഴ്ചപ്പാടുകള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്, ഈ നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി നയപ്രഖ്യാപന പ്രസംഗം കുറ്റപ്പെടുത്തുന്നു.

ദേശീയ സാമ്പത്തിക മാന്ദ്യം സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദേശീയ സമ്പദ് വ്യവസ്ഥയിലെ സാമ്പത്തിക മാന്ദ്യവും നികുതി ഇളവുകളും കാരണം കേന്ദ്ര സാമ്പത്തിക വിഹിതത്തില്‍ കുത്തനെ ഇടിവുണ്ടാക്കി. ദുരിതം വര്‍ധിപ്പിച്ച് സംസ്ഥാനത്തിന് എടുക്കാവുന്ന പൊതുവായ്പയിലും കുറവ് വരുത്തി. കഴിഞ്ഞ പാദത്തില്‍ 10000 കോടി രൂപ പൊതു വായ്പയായി കേരളത്തിന് എടുക്കാന്‍ കഴിയുമെന്നായിരുന്നു ബജറ്റ് പ്രതീക്ഷ. എന്നാല്‍ അനുമതി നല്‍കിയത് 1900 കോടി രൂപയ്ക്ക് മാത്രമാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

ദേശീയ സമ്പദ് വ്യവസ്ഥ മാന്ദ്യത്തെ അഭിമുഖീകരിക്കുന്നത്, സംസ്ഥാനത്തിന്റെ വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. തൊഴിലവസരങ്ങള്‍ കുറയുന്നതും തൊഴിലില്ലായ്മ വര്‍ധിക്കുന്നതും കേരളത്തെ ബാധിച്ചതായും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

നയപ്രഖ്യാപന പ്രസംഗത്തിലെ 18-ാം ഖണ്ഡികയുടെ പൂര്‍ണരൂപം

നമ്മൂടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാല്‍ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാന്‍ കഴിയില്ല. നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുളള സുപ്രധാന തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ 2019-പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ ഐകകണ്‌ഠേന പാസ്സാക്കി. ഇതിനെ തുടര്‍ന്ന് എന്റെ സര്‍ക്കാര്‍ ഭരണഘടനയുടെ 131-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ വിനിയോഗിച്ച് ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ ഒരു ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com