''രാജഗോപാല്‍ വിഷമം കൊണ്ട് പറയുന്നത്'; പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്ന് എംഎസ് കുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 29th January 2020 03:47 PM  |  

Last Updated: 29th January 2020 03:47 PM  |   A+A-   |  

 

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ കണ്ടെത്താത്തത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്ന രാജഗോപാലിന്റെ നിലപാടിനെ തള്ളി ബിജെപി. രാജഗോപാല്‍ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ആലോചിച്ച് പറയുന്നതല്ല. അതല്ല പാര്‍ട്ടിയുടെ അഭിപ്രായമെന്നും ബിജെപി വക്താവ് എംഎസ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അദ്ദേഹം അദ്ദേഹത്തിന്റെ വിഷമങ്ങളും പ്രയാസങ്ങളും പറയുന്നതാണ്. അത് പാര്‍ട്ടിയില്‍ ആലോചിച്ചിട്ട് പറയുന്നതല്ല. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ല. അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ അത് വ്യക്തിപരമായ അഭിപ്രായമാണെന്ന് അദ്ദേഹം തന്നെ പറയാറുള്ളതാണെന്നും എംഎസ് കുമാര്‍ പറഞ്ഞു

കേരളത്തിലെ ബിജെപിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്തത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. സമാനമായ സാഹചര്യം ബിജെപിയില്‍ മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന അധ്യക്ഷനില്ലാത്തതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്‍ഡിഎഫ്  യുഡിഎഫ്് പ്രചാരണത്തെ അതേ തീവ്രതയില്‍ ചെറുക്കാന്‍ ബിജെപിക്ക് സാധിക്കാതെ പോകുന്നത്. ഇത് നേതാക്കളെ അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

സംയോജിതമായി തീരുമാനമെടുക്കാന്‍ നേതൃത്വമില്ലാത്ത അവസ്ഥ ഇതാദ്യമാണ്. 'സംസ്ഥാന ബിജെപിയില്‍ പ്രതിസന്ധിയുണ്ട്. നാഥനില്ലാ കളരിയെന്ന് പറയുന്നില്ല, അത് കടുത്ത വാക്കാണ്. അതുകൊണ്ട് അങ്ങനെ പറയുന്നില്ല. ഒരു പ്രസ്ഥാനത്തിന് നേതാവ്, ചുമതലക്കാരന്‍ എന്നുപറയാന്‍ ഒരാള്‍ ഉണ്ടാകണ്ടെ? ഇങ്ങനൊരു സാഹചര്യം മുമ്പ് ഉണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം അമിത് ഷായെ കത്തിലൂടെയും ജെ.പി. നഡ്ഡയെ നേരില്‍ കണ്ടും അറിയിച്ചിട്ടുണ്ട്'. അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ഇടതുസര്‍ക്കാരിനെ ആക്രമിക്കുന്നില്ലെന്ന ചോദ്യത്തിന് രാജഗോപാലിന്റെ മറുപടി ഇങ്ങനെ'എന്റെ സംസ്‌കാരം അനുസരിച്ചല്ലെ എനിക്ക് ചെയ്യാന്‍ പറ്റുകയുള്ളു. തെറ്റുണ്ടെങ്കില്‍ അക്കാര്യം ചൂണ്ടിക്കാണിക്കും. അവരെ അങ്ങ് തെറിപറഞ്ഞാലെ സന്തോഷമുണ്ടാകുവെന്ന് അഭിപ്രായമില്ല'.  ബിജെപിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കാന്‍ താന്‍ ഇടപെടില്ലെന്നും ഗ്രൂപ്പിസത്തിന്റെ പാഠം താന്‍ പഠിച്ചിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.