സുഹൃത്തുക്കള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കി; എക്‌സൈസ് അതിവിദഗ്ധമായി വല വിരിച്ചു; 22 കാരന്‍ പിടിയില്‍

സുഹൃത്തുക്കളുടെ ആവശ്യപ്രകാരമാണ് ഇയാള്‍ കഞ്ചാവ് ആലുവയില്‍ മൊത്തമായി എത്തിച്ചിരുന്നത് 
സുഹൃത്തുക്കള്‍ക്ക് കഞ്ചാവ് എത്തിച്ചുനല്‍കി; എക്‌സൈസ് അതിവിദഗ്ധമായി വല വിരിച്ചു; 22 കാരന്‍ പിടിയില്‍

കൊച്ചി: ആലുവ കേന്ദ്രീകരിച്ച് വന്‍തോതില്‍ മയക്ക് മരുന്ന് എത്തിച്ച് കൊടുക്കുന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയില്‍. അസം സ്വദേശി അബു സേട്ട് എന്ന് വിളിക്കുന്ന ഫക്രുദ്ദീന്‍ അബ്ദുള്‍ കലാം ആണ് പിടിയിലായത്. ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം  കസ്റ്റഡിയിലെടുത്തത്.  ഇയാളുടെ പക്കല്‍ നിന്ന് 1.250 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.  

സുഹൃത്തുക്കളായ അസ്സാം സ്വദേശികളുടെ ആവശ്യപ്രകാരമാണ് ഇയാള്‍ കഞ്ചാവ് ആലുവയില്‍ മൊത്തമായി എത്തിച്ചിരുന്നത്. അസ്സമില്‍ വളരെ തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് ഇവിടെ എത്തിച്ച് മൊത്ത വില്‍പ്പന നടത്തി തിരിച്ച് പോകുന്നതാണ് പതിവ്. ഇതിലൂടെ അന്‍പതിരട്ടിയോളം ലാഭം കിട്ടുമെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ഇയാളുടെ സുഹൃത്തുക്കളായ അസ്സം സ്വദേശികള്‍ മലയാളികളായ ഇടനിലക്കാര്‍ക്ക് മറിച്ച് വില്‍ക്കുകയും ചെയ്തിരുന്നു. 

അസ്സം ഗുവഹത്തി  സ്വദേശിയായ ഇയാള്‍ നാട്ടില്‍ അല്ലറ ചില്ലറ മോഷണവും പിടിച്ചുപറിയും കഞ്ചാവ് കച്ചവടവുമായി കഴിയുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ലാഭം ഇല്ലാത്തതിനാലാണ് ആലുവയിലുള്ള സുഹൃത്തിന്റെ ആവശ്യപ്രകാരം കഞ്ചാവ് എത്തിച്ച് കൊടുത്ത് തുടങ്ങിയത്. കച്ചവടം പൊടിപൊടിക്കുന്നതിനാല്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇയാള്‍ ഇവിടെ കഞ്ചാവുമായി എത്തിയിരുന്നു. അസ്സമില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം തൃശൂര്‍ എത്തി അവിടെ നിന്ന് ബസ്സിലാണ് ആലുവയില്‍ എത്തിയിരുന്നത്. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതിനാലാണ് ഇയാള്‍ ഇത്തരത്തില്‍ ആലുവയില്‍ എത്തിയിരുന്നത്.  

ആഴ്ചകള്‍ക്ക് മുന്‍പ് ആലുവ റേഞ്ച് എക്‌സൈസ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ സംഘം ആലുവയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥിയുടെ പക്കല്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. ഈ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ഇതര സംസ്ഥാനക്കാരായ ആളുകളെക്കുറിച്ച്  വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളെ ചുറ്റിപ്പറ്റിയുള്ള  അന്വേഷത്തിലൊടുവിലാണ് അബു സേട്ട് എന്നയാള്‍ കഞ്ചാവുമായി ആലുവ ഭാഗത്തേയ്ക്ക് വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ആലുവ യു സി കോളേജിന് സമീപം കഞ്ചാവ് കൈമാറുന്നതിന് വേണ്ടി സുഹൃത്തിനെ കാത്ത് നില്‍ക്കുകയായിരുന്ന ഇയാളെ ആലുവ റേഞ്ച് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ ആക്ഷന്‍ ടീം പിടികൂടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com