ചൈനയില്‍ നിന്നു മടങ്ങിയ മലയാളി വിദ്യാര്‍ഥിക്കു കൊറോണ വൈറസ് ബാധ; കേരളത്തില്‍ ജാഗ്രത
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2020 01:59 PM |
Last Updated: 30th January 2020 02:12 PM | A+A A- |
പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നു മടങ്ങിയെത്തിയ വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. വിദ്യാര്‍ഥി നിരീക്ഷണത്തിലാണെന്നും നില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തു തന്നെ ആദ്യമായി സ്ഥിരീകരിക്കുന്ന കൊറോണ ബാധയാണിത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇന്നലെ അറിയിച്ചിരുന്നു. ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളില്‍ ആരുമായും സമ്പര്‍ക്കമില്ലാതെ ഒരു മുറിയില്‍ 28 ദിവസം കഴിയണമെന്നും മന്ത്രി പറഞ്ഞു.
പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ജില്ലകളില്‍ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെ എത്തണം. ചികിത്സാ സംവിധാനങ്ങളുടെ വിശദവിവരങ്ങള്‍ ദിശ 0471 2552056 എന്ന നമ്പരില്‍ ലഭ്യമാണ്.
സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു. അതില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 6 പേരുടെ ഫലം വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.