ഫുട്‌ബോള്‍ കളിച്ച് മടങ്ങിയ യുവാവ് ഉറക്കത്തിനിടെ മരിച്ചു; അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2020 07:46 AM  |  

Last Updated: 30th January 2020 07:46 AM  |   A+A-   |  

football_death

 

കോവളം: രാവിലെ ഫുട്‌ബോള്‍ കളിച്ചതിന് ശേഷം വീട്ടിലെത്തി വിശ്രമിക്കാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി പോറോട് കിഴക്കും കരയില്‍ ആകാശ്(25) ആണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം വിഴിഞ്ഞം ടൗണ്‍ഷിപ്പ് ഗ്രൗണ്ടിലാണ് ആകാശ് ഫുട്‌ബോള്‍ കളിച്ചത്. കളി കഴിഞ്ഞ് വീട്ടിലെത്തി 9 മണിയോടെ വിശ്രമിക്കാന്‍ കിടന്നു. അമ്മ ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടും ആകാശ് എഴുന്നേല്‍ക്കാതിരുന്നതോടെ നാട്ടുകാരെ വിളിച്ചുവരുത്തി. 

നാട്ടുകാരെത്തി വിഴിഞ്ഞം ആരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപസ്മാര രോഗത്തിന് ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ആകാശ്. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.