മതിലില്‍ മൂത്രമൊഴിച്ചതിന് നായയെ വിട്ടു കടിപ്പിച്ചു; തടിമില്ലുടമയുടെ പരാക്രമങ്ങള്‍, കഞ്ചാവ് ലഹരിയിലെന്ന് സംശയം
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2020 08:24 AM |
Last Updated: 30th January 2020 08:24 AM | A+A A- |

തൃശൂര്‍: തടിമില്ലിന്റെ മതില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ നാലുപേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച് മില്ലുടമ. മില്ലുടമയുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് നാട്ടുകാരെത്തിയതോടെ മില്ലുടമ സഹായികളേയും കൂട്ടി ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തിയിട്ടും മണിക്കൂറുകളോളം സംഘര്‍ഷാന്തരീക്ഷം നിലനിന്നു.
ഒളരിക്കരയിലെ ബാര്‍ ഹോട്ടലിന് സമീപമാണ് സംഭവം.ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിഞ്ഞു. പൊലീസ് പ്രതിയെ പിടികൂടിയെങ്കിലും ഇയാളല്ല യഥാര്‍ഥ പ്രതിയെന്ന് നാട്ടുകാര്‍ ആരോപിച്ചതോടെ വീണ്ടും സംഘര്‍ഷാവസ്ഥയായി. ഒടുവില്‍ മണിക്കൂറുകള്‍ നീണ്ട ബഹളത്തിനൊടുവില്‍ മില്ലുടമയെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
മനോദൗര്‍ബല്യമുള്ള വ്യക്തിയാണ് ഇയാളെന്ന് ബോധ്യപ്പെട്ടതോടെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഞ്ചാവിന് അടിമയാണ് ഇയാളെന്നാണ് പറയപ്പെടുന്നത്. ഇതിന് മുന്‍പും നാട്ടുകാര്‍ക്ക് നേരെ ഇയാള്‍ വളര്‍ത്തു നായയെ അഴിച്ചു വിട്ടതായി നാട്ടുകാര്‍ പറയുന്നു.
ബാറില്‍ മദ്യപിച്ച് ഇറങ്ങി വരുന്നവര്‍ തടിമില്ലിന്റെ മതിലില്‍ മൂത്രമൊഴിക്കുന്നതാണ് ഇയാളെ പ്രകോപിപ്പിക്കുന്നത്. പ്രതിഷേധിച്ചെത്തിയ നാട്ടുകാരി വടിവാള്‍ വീശിയും കുപ്പിയും കല്ലുമെറിഞ്ഞും ഇയാള്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചു. പൊലീസ് എത്തിയിട്ടും ഇയാളെ നിയന്ത്രിക്കാനായില്ല. ഈ സമയം ഈ ഭാഗത്ത് ഗതാഗതവും തടസപ്പെട്ടു. ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരു വണ്ടിയുടെ ചില്ലും ഇയാള്‍ തകര്‍ത്തു.