കയ്യില്‍ വിലങ്ങുമായി ഓടിയത് ഒന്നര കിലോമീറ്റര്‍ ; വീട്ടമ്മയുടെ സംശയം നിര്‍ണായകമായി ; 'ജെല്ലിക്കെട്ട് മോഡല്‍' തിരച്ചിലുമായി നാട്ടുകാരും ; കൊടുംക്രിമിനല്‍ മാണിക്ക് പിടിയിലായി

ട്രെയിനില്‍ നിന്നും വിലങ്ങോടെ രക്ഷപ്പെട്ട മാണിക്കിനെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്
കയ്യില്‍ വിലങ്ങുമായി ഓടിയത് ഒന്നര കിലോമീറ്റര്‍ ; വീട്ടമ്മയുടെ സംശയം നിര്‍ണായകമായി ; 'ജെല്ലിക്കെട്ട് മോഡല്‍' തിരച്ചിലുമായി നാട്ടുകാരും ; കൊടുംക്രിമിനല്‍ മാണിക്ക് പിടിയിലായി

തൃശൂര്‍ : സമീപകാലത്തിറങ്ങിയ സിനിമ ജല്ലിക്കെട്ടില്‍ ഗ്രാമവാസികള്‍ ഒരു പോത്തിന് പിന്നാലെയാണ് പാഞ്ഞതെങ്കില്‍, കഴിഞ്ഞദിവസം ഷൊര്‍ണൂരിനടുത്ത് നമ്പ്രത്ത് ഗ്രാമവാസികള്‍ രാത്രി മുഴുവന്‍ തേടിയത് ഒരു കൊടുംക്രിമിനലിനെ. ട്രെയിന്‍ യാത്രയ്ക്കിടെ രക്ഷപ്പെട്ട ഡല്‍ഹിയിലെ കൊള്ളസംഘമായ 'ബംഗ്ലാ' ഗ്യാങ് തലവനായ, ബംഗ്ലാദേശ് പരാശ്പൂര്‍ കൊലാറണ്‍ സ്വദേശി മാണിക്കിനെ പിടികൂടാനാണ് പൊലീസിനൊപ്പം നാട്ടുകാരും തിരച്ചിലില്‍ ഏര്‍പ്പെട്ടത്.

ട്രെയിനില്‍ നിന്നും വിലങ്ങോടെ രക്ഷപ്പെട്ട മാണിക്കിനെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. ഷൊര്‍ണൂര്‍ നമ്പ്രത്ത് കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് മാണിക്കിനെ കണ്ടത്. പൊലീസിനെ കണ്ടതോടെ ഒരു കയ്യില്‍ വിലങ്ങുമായി ഒന്നര കിലോമീറ്റര്‍ ഓടിയെങ്കിലും പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു.

കണ്ണൂരിലെ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ചന്ദ്രനേയും ഭാര്യയേയും കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പിടിയിലായ മാണിക് കണ്ണൂര്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. സഹതടവുകാരനെ ആക്രമിച്ച് പരുക്കേല്‍പിച്ച സംഭവത്തോടെ ഇയാളെ കൊച്ചിയിലെ ജയിലിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇതിനായി മൂന്നു പൊലീസുകാരുടെ അകമ്പടിയില്‍ മാണിക്കിനെ കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്കു കൊണ്ടുവരുന്നതിനിടെയായിരുന്നു രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാന്‍ ഒരു കയ്യിലെ വിലങ്ങഴിച്ച തക്കത്തിനായിരുന്നു രക്ഷപ്പെടല്‍.

ഭാരതപ്പുഴ കടക്കുമ്പോള്‍ ട്രെയിനിന് വേഗത കുറവായിരുന്നു. ചെറുതുരുത്തി കഴിയും വരെ ട്രെയിനിന്റെ വേഗം കുറവാണ്. ഇതു മനസ്സിലാക്കിയ മാണിക്, പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ട്രെയിനില്‍ നിന്ന് ചാടി. പൊലീസുകാര്‍ തിരയാന്‍ തുടങ്ങുമ്പോഴേക്കും ഇയാള്‍ മുങ്ങി. കൈകള്‍ വിലങ്ങില്‍ ബന്ധിച്ചതു മാത്രമായിരുന്നു പൊലീസിന്റെ പ്രതീക്ഷ. പ്രതി രക്ഷപ്പെട്ടപ്പോള്‍ ഏകദേശം നാലു മണി കഴിഞ്ഞിരുന്നു. റെയില്‍വേ ട്രാക്കിലൂടെ ബര്‍മൂഡ ധരിച്ച ഒരാള്‍ നടന്നുപോകുന്നത് മമ്പറം സ്വദേശിനിയായ വീട്ടമ്മ സുഹ്‌റ കണ്ടിരുന്നു. ബനിയന്‍ കൈകളില്‍ ചുറ്റിയിട്ടുണ്ട്. സംശയം തോന്നിയ വീട്ടമ്മ ഉടനെ റയില്‍വേ പൊലീസിനെ വിവരമറിയിച്ചു.

ലോക്കല്‍ പൊലീസും റയില്‍വേ പൊലീസും പിന്നാലെയെത്തി. ഏറെനേരം തിരഞ്ഞെങ്കിലും ആളെ കണ്ടില്ല. ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുള്ള വിജനമായ പ്രദേശത്തു ചില കെട്ടിടങ്ങളുണ്ട്. ആ ഭാഗത്തേയ്ക്കും തിരച്ചില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. പൊലീസിന്റെ തിരച്ചില്‍ നടക്കുന്ന സമയത്ത് വിജനമായ പ്രദേശത്തെ കെട്ടിടത്തില്‍ നിന്ന് ഒരാള്‍ ഇറങ്ങിയോടുന്നത് കണ്ടു. മാണിക്കാണെന്നു മനസ്സിലായ പൊലീസ് പിന്നാലെ പിന്നാലെ പാഞ്ഞു. അവസാനം, പൊലീസ് തൊട്ടടുത്ത് എത്തിയപ്പോള്‍ വിലങ്ങ് കൊണ്ട് വീശി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടെ, പൊലീസുകാരന്‍ കാലില്‍ പിടിച്ച് വലിച്ചു താഴെയിട്ട് കീഴ്‌പ്പെടുത്തുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com