സിസ്റ്റര്‍ അഭയയുടെ തലയിലെ മൂന്നുമുറിവുകള്‍ മരണകാരണമായി ; കിണറ്റില്‍ വീണത് കൊല്ലപ്പെട്ടശേഷം ; നിര്‍ണായക വെളിപ്പെടുത്തല്‍

അഭയയെ കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിലിട്ടതെന്ന് ഫൊറന്‍സിക് വിദഗ്ധനായ കന്തസ്വാമിയും നേരത്തെ മൊഴി നല്‍കിയിരുന്നു
സിസ്റ്റര്‍ അഭയയുടെ തലയിലെ മൂന്നുമുറിവുകള്‍ മരണകാരണമായി ; കിണറ്റില്‍ വീണത് കൊല്ലപ്പെട്ടശേഷം ; നിര്‍ണായക വെളിപ്പെടുത്തല്‍

കൊച്ചി: സിസ്റ്റര്‍ അഭയയുടെ തലയ്‌ക്കേറ്റ അടിയാണ് മരണ കാരണമെന്ന് ഫൊറന്‍സിക് വിദഗധന്‍ കോടതിയില്‍ മൊഴി നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഫൊറന്‍സിക് വിദഗ്ധനായ ഡോ എസ് കെ പഥക്  തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. അഭയക്കേസില്‍ ഡമ്മി പരീക്ഷണം നടത്തിയ ഫൊറന്‍സിക് വിദഗ്ധനാണ് ഡോ എസ് കെ പഥക്.

ബോധാവസ്ഥയില്‍ ഒരാള്‍ കിണറ്റില്‍ ചാടുമ്പോഴും, അബോധാവസ്ഥയില്‍ ഒരാള്‍ കിണറ്റില്‍ വീഴുമ്പോഴും ഉണ്ടാകുന്ന പരിക്കുകള്‍ വ്യത്യസ്തമായിരിക്കുമെന്നും പഥക്ക് പറഞ്ഞു. അഭയയുടെ തലയ്‌ക്കേറ്റ മുറവുകളാണ് മരണകാരണമായത്. തലയിലുണ്ടായ മുറിവുകള്‍ കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായതല്ലെന്നും ഡോ പഥക് മൊഴി നല്‍കി.  

അഭയയുടെ തലയിലുണ്ടായ ഒന്നും രണ്ടും ആറും മുറിവുകളാണ് മരണത്തിലേക്ക് വഴിവെച്ചത്. എന്നാല്‍ ശരീരത്തില്‍ കണ്ട ചില മുറിവുകള്‍ കിണറ്റില്‍ വീഴുമ്പോള്‍ ഉണ്ടായതാണ്. അഭയ കൊല്ലപ്പെട്ടതിന് ശേഷമാണ് കിണറ്റില്‍ വീണതെന്നും ഡോക്ടര്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയിലൂടെ തെളിക്കാനാണ് ഡോ പഥകിനെ കൊണ്ട് സിബിഐ ഡമ്മി പരിശോധന നടത്തിയത്.

അഭയയെ കൊലപ്പെടുത്തിയ ശേഷമാണ് കിണറ്റിലിട്ടതെന്ന് ഫൊറന്‍സിക് വിദഗ്ധനായ കന്തസ്വാമിയും നേരത്തെ മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് മുമ്പാണ് വീണതെങ്കില്‍ ആമാശയത്തില്‍ കൂടുതല്‍ വെള്ളം ഉണ്ടാകുമായിരുന്നുവെന്ന് കന്തസ്വാമി മൊഴി നല്‍കി.
ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് ഊന്നല്‍ നല്‍കിയാണ് പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം നടത്തുന്നത്.

കേസിന്റെ തുടര്‍ വിസ്താരം ശനിയാഴ്ച തുടങ്ങും. 1992 മാര്‍ച്ച് 27 ന് കേട്ടയത്തെ പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയയുടെ മൃതദേഹം കണ്ടെത്തിയത്. ഫാ തോമസ് കോട്ടൂര്‍,സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നേരിടുന്ന പ്രതികള്‍.    

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com