ഇത്തവണ ഓംലെറ്റും കട്ടന്‍ ചായയും ഒഴിവാക്കി; അകത്തുകയറിയ കള്ളന്റെ 'വെറൈറ്റികള്‍'; വിരുതില്‍ അമ്പരന്ന് പൊലീസ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2020 10:15 AM  |  

Last Updated: 31st January 2020 10:17 AM  |   A+A-   |  

 

കണ്ണൂര്‍: ഇത്തവണ പിഴച്ചത് കള്ളനാണ്. പൂട്ട് പൊട്ടിച്ചത് വെറുതെയായി. രണ്ടുതവണ കള്ളന്‍ കയറിയ മുന്‍ അനുഭവം വെച്ച് പണമോ സ്വര്‍ണമോ വീട്ടുടമ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. എന്നാല്‍ വീട്ടിലുണ്ടായിരുന്നു ബദാമും അണ്ടിപ്പരിപ്പും ആവശ്യത്തിന് കഴിച്ചാണ് കള്ളന്‍ സ്ഥലം വിട്ടത്. പയ്യന്നൂരിലെ റിട്ട. പ്രെഫസര്‍ ആര്‍ സത്യനാഥിന്റെ പൂട്ടിയിട്ട വീട്ടിലാണ് മൂന്നാം തവണയും കള്ളന്‍ കയറിയത് 

ഇത്തവണ കയറിയ വഴി പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധമാണു കള്ളന്‍ അകത്തു കടന്നത്. സാധനങ്ങള്‍ പൂര്‍ണമായും വാരിവലിച്ചിട്ടു. ഡൈനിങ് ഹാളില്‍ ഇരുന്നു ബദാമും അണ്ടിപ്പരിപ്പും കഴിച്ചു വെള്ളവും കുടിച്ചു സോഫയില്‍ വിശ്രമിച്ചാണ് ഇറങ്ങിപ്പോയത്. ഇതിനു മുന്‍പു രണ്ടു തവണ കള്ളന്‍ കയറിയപ്പോഴും സമാന രീതിയിലാണു പെരുമാറിയത്.

ആദ്യ തവണ സ്വര്‍ണവും പണവും കൊണ്ടുപോയി. അന്ന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചാണു കള്ളന്‍ മടങ്ങിയത്. രണ്ടാം തവണ കട്ടന്‍ ചായയാണ് ഉണ്ടാക്കി കഴിച്ചത്. വെള്ളൂര്‍ ഗവ.ഹൈസ്‌കൂള്‍ സ്‌റ്റോപ്പില്‍ ദേശീയപാതയോരത്താണു സത്യനാഥിന്റെ വീട്. സത്യനാഥ് മകള്‍ക്കൊപ്പം തിരുവനന്തപുരത്താണു താമസം. 2 ദിവസമായി വീട്ടിലുണ്ടായിരുന്നു. ചൊവ്വാഴ്ച രാത്രിയിലാണു തിരുവനന്തപുരത്തേക്കു മടങ്ങിയത്. വീട്ടിനകത്തു വച്ചു മറന്നു പോയ രേഖ എടുത്ത് അയച്ചു തരാന്‍ സത്യനാഥന്‍ ബന്ധുവിനോട് ആവശ്യപ്പെട്ടിരുന്നു. 

അങ്ങനെയാണു ബന്ധുവായ രവീന്ദ്രന്‍ ഇന്നലെ രാവിലെ വീട്ടില്‍ എത്തിയത്. പുറകിലുള്ള ഷെഡ് തുറന്നിട്ട നിലയില്‍ കണ്ടപ്പോള്‍ രവീന്ദ്രന്‍ സത്യനാഥിനെ വിളിച്ച് അന്വേഷിച്ചു. തുടര്‍ന്നു മുന്‍ ഭാഗത്തെ ഗ്രില്‍ തുറന്നപ്പോഴാണു വാതില്‍ കുത്തിപ്പൊളിച്ചതു കണ്ടത്. അകത്തു കയറിയപ്പോള്‍ എല്ലാം വാരിവലിച്ച് ഇട്ടിട്ടുണ്ട്. വിവരമറിഞ്ഞ് എത്തിയ പൊലീസ് വിരല്‍ അടയാളവും മറ്റും ശേഖരിച്ചു. അതേ സമയം മുന്‍ഭാഗത്തെ ഗ്രില്‍ പൂട്ടിയ നിലയിലാണ്. പുറകിലെ വാതില്‍ ഇരുമ്പ് പട്ട ഉപയോഗിച്ച് പൂട്ടിയിരുന്നു. മുന്‍ഭാഗത്തെ പൂട്ടു തുറന്ന് അകത്ത് കയറിയ കള്ളന്‍ തിരിച്ചു പോകുമ്പോള്‍ പൂട്ടിയിട്ടു പോയതായിരിക്കാമെന്ന നിഗമനത്തിലാണു പൊലീസ്.