കഞ്ചാവ് കേസില്‍ അച്ഛന്‍ ജയിലില്‍ ; ജാമ്യത്തിലിറക്കാന്‍ പണം കണ്ടെത്താന്‍ മകന്‍ കവര്‍ച്ചയ്ക്കിറങ്ങി ; എടിഎം മോഷണക്കേസില്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2020 09:51 AM  |  

Last Updated: 31st January 2020 09:51 AM  |   A+A-   |  

 

തൃശൂര്‍: ജയിലില്‍ കഴിയുന്ന അച്ഛനെ ജാമ്യത്തിലിറക്കാന്‍ പണം കണ്ടെത്താന്‍ കവര്‍ച്ചയ്ക്കിറങ്ങിയ മകന്‍ പൊലീസ് പിടിയിലായി. കുഴിക്കാട്ടുശേരിയിലെ എടിഎം മെഷീന്‍ കുത്തിപ്പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. വരന്തരപ്പിള്ളി ആശാരിപ്പാറ സ്വദേശി തെക്കേയില്‍ വീട്ടില്‍ ഷിജോ (25) ആണ് അറസ്റ്റിലായത്. 2019 നവംബറില്‍ മറിയംത്രേസ്യ ആശുപത്രിക്കു സമീപത്തെ സ്‌റ്റേറ്റ് ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് മോഷണ ശ്രമമുണ്ടായത്.

മെഷീന്റെ മുന്‍വശത്തെ ഇരുമ്പ് കാബിനറ്റ് കുത്തിപ്പൊളിച്ച് പണമടങ്ങിയ ട്രേ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അലാറം മുഴങ്ങിയതോടെ മോഷ്ടാവ് ഇറങ്ങി ഓടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാനായില്ല. തുടര്‍ന്ന് എടിഎം കവര്‍ച്ചക്കേസുകളില്‍ പിടിയിലായ കുറ്റവാളികളെ ചുറ്റിപ്പറ്റിയായി അന്വേഷണം. ഇത് വിജയിക്കാതായതോടെ തൃശ്ശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലെ ക്രിമിനലുകളെപ്പറ്റി അന്വേഷണമാരംഭിച്ചു.

ക്രിമിനല്‍ പശ്ചാത്തലമുള്ള ഷിജോയുടെ ഭാര്യവീട് സമീപപ്രദേശത്താണെന്ന് പോലീസിന് വിവരം ലഭിച്ചു. ഷിജോയില്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നപ്പോള്‍, സംഭവം നടന്ന ദിവസം ഇയാള്‍ ഈ ഭാഗത്തുണ്ടായിരുന്നതായും പിന്നീട് വയനാട്ടിലേക്ക് കടന്നതായും അറിഞ്ഞു. പുല്‍പ്പള്ളിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മൈസൂരിലേക്ക് പോയതായി വ്യക്തമായി. അന്വേഷണസംഘം മൈസൂരിലെത്തിയപ്പോള്‍ ഷിജോ അവിടെ നിന്ന് മുങ്ങി.

പിന്നീട് ഷിജോയുമായി ബന്ധമുള്ളവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ നെല്ലായിക്കടുത്ത് പന്തല്ലൂരില്‍ ജാതിത്തോട്ടത്തിനു നടുവിലെ ഒറ്റപ്പെട്ട വീട്ടിലുണ്ടെന്നറിഞ്ഞ് കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു. പിടിയിലായ ഷിജോ നിരവധി കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. സുല്‍ത്താന്‍ ബത്തേരിയില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ പിതാവിനെ ജാമ്യത്തിലിറക്കാന്‍ പണം കണ്ടെത്താനാണ് എടിഎം കവര്‍ച്ചയ്ക്ക് ഒരുങ്ങിയതെന്ന് ഷിജോ പറഞ്ഞതായി പൊലീസ് അറിയിച്ചു. കവര്‍ച്ചയ്ക്കായി ഇയാളോടൊപ്പം ഉണ്ടായിരുന്നയാളെ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.