വിദ്യാര്‍ത്ഥിനിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ചിരുന്നവര്‍ ആരൊക്കെ ?; 'ബാക്ക് ട്രാക്കിങ്ങി'ന് ആരോഗ്യവകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st January 2020 10:55 AM  |  

Last Updated: 31st January 2020 10:56 AM  |   A+A-   |  

 

തിരുവനന്തപുരം : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിക്കൊപ്പം വിമാനത്തിലും മറ്റും സഞ്ചരിച്ചവരെ കണ്ടെത്താന്‍ നടപടികളുമായി ആരോഗ്യ വകുപ്പ്. വിദ്യാര്‍ത്ഥിനിക്കൊപ്പം സഞ്ചരിച്ചവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് നടപടികള്‍ ആരംഭിച്ചത്. നിപ്പ പടര്‍ന്നുപിടിച്ച സമയത്ത് ചെയ്തതുപോലെ ട്രാക്കിങ് നടത്തിയാണ് രോഗസാധ്യതയുള്ളവരെ കണ്ടെത്താന്‍ നടപടി തുടങ്ങിയത്.

വൈറസ് ബാധിച്ചയാള്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ മുതല്‍ പിന്നിലേക്കുള്ള അന്വേഷണമാണ് ബാക്ക് ട്രാക്കിങ്. സഞ്ചാരം, താമസം, പഠനം ഉള്‍പ്പെടെ വിവരങ്ങള്‍ ശേഖരിച്ച് ഓരോ ഘട്ടത്തിലും ആരുമായൊക്കെ സംസാരിച്ചുവെന്നും അടുത്ത് ഇടപഴകിയെന്നും കണ്ടെത്തും. അവരെയെല്ലാം നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. പെണ്‍കുട്ടിയുമായി ഇടപഴകിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷിക്കാനും രോഗലക്ഷണമുള്ളവരെ എത്രയും വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനും നിര്‍ദ്ദേശമുണ്ട്.

ജനുവരി 22നാണ് ചൈന തലസ്ഥാനമായ ബെയ്ജിങില്‍നിന്ന് വിദ്യാര്‍ഥിനി കൊല്‍ക്കത്തയിലേക്കെത്തിയത്. തൊട്ടടുത്ത ദിവസം ഇന്‍ഡിഗോ വിമാനത്തില്‍ കൊല്‍ക്കത്തയില്‍നിന്ന് കൊച്ചിയിലേക്കുമെത്തി. ഈ രണ്ട് വിമാന യാത്രയിലും പെണ്‍കുട്ടിക്കൊപ്പം സഞ്ചരിച്ച എല്ലാവരെയും കണ്ടെത്തി നിരീക്ഷിക്കും. സംശയം തോന്നുന്നവരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയക്കാനും നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ ചൈനയില്‍ നിന്നും വന്നവരില്‍ പലരും സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടില്ല. അവരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണുള്ളത്. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ നിന്നു വന്നവര്‍ അക്കാര്യം മറച്ചുവെച്ചാല്‍ ബന്ധുക്കളോ മറ്റുള്ളവരോ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തിലെ ഹ്യൂബെ മെഡിക്കല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും കേരളത്തില്‍ നിന്നുള്ളവരാണ്. ഇപ്പോള്‍ 64 പേര്‍ കോളജിന്റെ ഹോസ്റ്റലിലും പുറത്തെ ഫ്‌ലാറ്റുകളിലുമായി കഴിയുന്നുണ്ട്. ഇതില്‍ 34 പേരും മലയാളികളാണ്. വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാനായി എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ചൈനയിലേക്ക് പോകുന്നുണ്ട്.