'കിറുകൃത്യം' ; ജാമിയ വെടിവെപ്പില്‍ ലിജോ ജോസ് പെല്ലിശ്ശേരി

ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു
'കിറുകൃത്യം' ; ജാമിയ വെടിവെപ്പില്‍ ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കു നേരെ നടന്ന വെടിവെയ്പില്‍ പ്രതിഷേധവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ തന്നെ നടന്ന ഈ അക്രമണത്തെ 'കിറുകൃത്യം' എന്നാണ് ലിജോ വിശേഷിപ്പിച്ചത്. സര്‍വകലാശാലയില്‍ വെടിവയ്പ്പു നടത്തിയ യുവാവിന്റെ ഫോട്ടോയും വെടിയേറ്റുവീണ ഗാന്ധിയുടെ ചിത്രവും പങ്കുവെച്ചുകൊണ്ടാണ് ലിജോയുടെ കുറിപ്പ്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സര്‍വകലാശാല ക്യാമ്പസിന് മുന്നില്‍ സമരം നടത്തിയവര്‍ക്കു നേരെയാണ് 17 വയസ്സുകാരന്‍ വെടിയുതിര്‍ത്തത്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്നും പറഞ്ഞ് ബാഗുമെടുത്ത് പോയ കൗമാരക്കാരനാണ് അക്രമം നടത്തിയത്. പൊലീസ് നോക്കി നില്‍ക്കെയാണ് വിദ്യാര്‍ത്ഥി സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.40 ഓടെ ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. പൊലീസ് പിടികൂടിയപ്പോള്‍ ഡല്‍ഹി പൊലീസിന് ഇയാള്‍ സിന്ദാബാദ് വിളിക്കുകയും ചെയ്തു. അക്രമത്തിന് മിനിറ്റുകള്‍ക്കുമുമ്പ്, 'ഷഹീന്‍ബാഗ് എന്ന കളി കഴിഞ്ഞു' എന്ന് ഫെയ്‌സ് ബുക്കില്‍ അക്രമി പോസ്റ്റിട്ടിരുന്നു. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള നിരവധി പോസ്റ്റുകളാണ് ഇയാളുടെ ഫെയ്‌സ്ബുക്ക് ടൈംലൈനിലുള്ളത്. താന്‍ ആരുടെയും പ്രേരണയോടെയുമല്ല വെടിയുതിര്‍ത്തതെന്നും സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെന്നുമാണ് ഇയാള്‍ പറഞ്ഞതെന്ന് പൊലീസ് വെളിപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com