കൊറോണ : വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെടുന്നു ; സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍ ; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

കേരളത്തിലാകെ 1053പേര്‍ രോഗബാധിത പ്രദേശത്തുനിന്ന് എത്തിയിട്ടുണ്ട്.
കൊറോണ : വിദ്യാര്‍ത്ഥിനിയുടെ നില മെച്ചപ്പെടുന്നു ; സംസ്ഥാനത്ത് 1053 പേര്‍ നിരീക്ഷണത്തില്‍ ; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

തൃശൂര്‍ : കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. സ്ഥിതി മെച്ചപ്പെടുന്നതായാണ് അധികൃതര്‍ അറിയിച്ചത്. തൃശൂർ ജനറൽ ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. തൃശൂർ മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്.

നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ട വിദ്യാര്‍ഥിനിയുടെ നില തൃപ്തികരമാണെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗബാധിത പ്രദേശത്തുനിന്നെത്തിയവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. വെള്ളിയാഴ്ച മുതല്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ചചെയ്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കളക്ടറേറ്റില്‍ 11 മണിക്കാണ് യോഗം നടക്കുക.

കേരളത്തിലാകെ 1053പേര്‍ രോഗബാധിത പ്രദേശത്തുനിന്ന് എത്തിയിട്ടുണ്ട്. ഇവരില്‍ 15പേര്‍ ആശുപത്രികളിലും 1038 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വുഹാനില്‍ നിന്നെത്തിയ പതിനൊന്നുപേര്‍ തൃശ്ശൂരിലുണ്ട്. ഇതില്‍ നാലുപേരെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അതിലൊരാള്‍ക്കാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. മറ്റു മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാണ്. ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഈ മൂന്നുപേരെയും മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയതായും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.  സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇത്തരം വാര്‍ത്തകള്‍ക്കെതിരെയുള്ള നടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com