ദിലീപിന് വേണ്ടി അഭിഭാഷകരുടെ പട ; ഹാജരായത് 13 പേര്‍ ; ദൃശ്യങ്ങള്‍ കോടതി ഇന്നു പരിശോധിച്ചേക്കും

ദിലീപിന് വേണ്ടി അഭിഭാഷകരുടെ പട ; ഹാജരായത് 13 പേര്‍ ; ദൃശ്യങ്ങള്‍ കോടതി ഇന്നു പരിശോധിച്ചേക്കും

പത്തു പ്രതികള്‍ക്കു വേണ്ടി ആകെ 31 അഭിഭാഷകര്‍ കോടതിയിലെത്തി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിവിസ്താരം ഇന്നും തുടരും. ഇന്നലെയാണ് കേസില്‍ ചീഫ് വിസ്താരം ആരംഭിച്ചത്. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായിരുന്നു. അടച്ചിട്ട മുറിയിലാണ് വനിതാ ജഡ്ജി ഹണി എം വര്‍ഗീസ് സാക്ഷിവിസ്താരം നടത്തിയത്.

ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് ഇന്നലെ പ്രോസിക്യൂഷന്‍ ആരംഭിച്ചത്. ഇത് ഇന്നും തുടരും. നടിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുക ലക്ഷ്യമിട്ടാണ്  അടച്ചിട്ട മുറിയില്‍( ഇന്‍ ക്യാമറ) സാക്ഷിവിസ്താരം നടത്തുന്നത്. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍. 2017 ഫെബ്രുവരി 17 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വനിതാ ഇന്‍സ്‌പെക്ടര്‍ രാധാമണി നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ ഹാജരായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നടി കോടതിയിലേക്കെത്തിയത്. 10.55ന് എട്ടാംപ്രതിയായ നടന്‍ ദിലീപും എത്തി. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍ എന്നിവരെ ജയിലില്‍ നിന്നാണ് കോടതിയിലെത്തിച്ചത്. ഇരയായ നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും. മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണ് വിചാരണ നേരിടുന്ന മറ്റുപ്രതികള്‍.

കേസില്‍ ദിലീപിനുവേണ്ടി കോടതിയില്‍ അഭിഭാഷകരുടെ പടയാണ് എത്തിയത്.  13 അഭിഭാഷകരാണ് കോടതിയില്‍ നടനുവേണ്ടി ഹാജരായത്. പത്തു പ്രതികള്‍ക്കു വേണ്ടി ആകെ 31 അഭിഭാഷകര്‍ കോടതിയിലെത്തി. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍, അഭിഭാഷകന്‍, പ്രതികള്‍, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് പ്രവേശിപ്പിക്കുക.

നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.

ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. ആദ്യഘട്ടവിസ്താരം ഏപ്രില്‍ ഏഴുവരെ തുടരും. 136 സാക്ഷികളെ വിസ്തരിക്കും. കുറ്റപത്രത്തിനൊപ്പം മൊത്തം 359 പേരുടെ സാക്ഷിപ്പട്ടിക സമര്‍പ്പിച്ചിട്ടുണ്ട്. 161 രേഖകളും 250 തൊണ്ടിമുതലുകളുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com