അമ്മയുടെ കരള്‍ പകുത്ത് വാങ്ങാന്‍ കാത്തുനില്‍ക്കാതെ കൃതിക പോയി; എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്നു കൃതിക.
അമ്മയുടെ കരള്‍ പകുത്ത് വാങ്ങാന്‍ കാത്തുനില്‍ക്കാതെ കൃതിക പോയി; എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്

കൊല്ലം: കരള്‍രോഗബാധിതയായി മരിച്ച വിദ്യാര്‍ത്ഥിനി കൃതികയ്ക്ക് എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്. അമ്മ കരള്‍ പകുത്തുനല്‍കാന്‍ ഒരുങ്ങുമ്പോള്‍ അതേറ്റുവാങ്ങാന്‍ അനുവദിക്കാതെയാണ്  വിധി കൃതികയെ കൊണ്ടുപോയത്. കൊറ്റന്‍കുളങ്ങര ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയും ചവറ കുളങ്ങരഭാഗം ശാന്താലയത്തില്‍ വേലായുധന്‍ പിള്ള-ബിന്ദു ദമ്പതികളുടെ മകളുമായ കൃതിക വി. പിള്ള (15) ആണ് കുടുംബത്തിനും കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും കണ്ണീരുപ്പു കലര്‍ന്ന വിജയമധുരം സമ്മാനിച്ചത്.

പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്നു കൃതിക. പരീക്ഷകളെല്ലാം എഴുതി, ഫലം വരാന്‍ ഒരാഴ്ച ശേഷിക്കെയാണ് രോഗബാധ സ്ഥിരീകരിച്ചത്. വീട്ടിലെ പതിവു കളിചിരികള്‍ക്കിടയില്‍ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ കരള്‍ മാറ്റിവയ്ക്കലിന് ഒരുക്കം തുടങ്ങി.

പണം കണ്ടെത്താന്‍ നാട്ടുകാര്‍ കൈകോര്‍ത്തു. കരള്‍ പകുത്തു നല്‍കാന്‍ അമ്മ ബിന്ദു ശസ്ത്രക്രിയാമുറിയിലേക്ക് പോകുന്നതിനു മണിക്കൂറുകള്‍ മുന്‍പാണ് അതേ ആശുപത്രിയില്‍ കൃതിക വിധിക്കു കീഴടങ്ങിയത്. അച്ഛന്‍ 4 വര്‍ഷം മുന്‍പ് കാന്‍സര്‍ മൂലം മരിച്ചു. പഞ്ചായത്ത് ജീവനക്കാരിയായ ബിന്ദുവിന് മറ്റു രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. പരീക്ഷാഫലം വന്നതിന്റെ തലേന്ന്, തിങ്കളാഴ്ചയായിരുന്നു മരണാനന്തര ചടങ്ങുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com