ആരെങ്കിലും പറയുന്നത് കേട്ട് വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്; രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി

ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി
ആരെങ്കിലും പറയുന്നത് കേട്ട് വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്; രമേശ് ചെന്നിത്തലയോട് മുഖ്യമന്ത്രി


തിരുവനന്തപുരം:  ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം ഉത്തരവാദപ്പെട്ട ഉയര്‍ന്ന പദവിയിലാണ് ഇരിക്കുന്നത്. അത് മനസ്സിലാക്കാന്‍ അദ്ദേഹം തയ്യാറാവണം. ഇന്നലെ അദ്ദേഹം പറഞ്ഞത് 'ചീഫ് സെക്രട്ടറി കണ്ടെത്തിയതു കൊണ്ടാണ് ഇലക്ട്രിക് ബസ് നിര്‍മാണ കരാറിലേക്ക് പോകാതിരുന്നത് എന്നാണ്'. അത് സമര്‍ത്ഥിക്കാന്‍ ഫയലിന്റെ ഒരു ഭാഗവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുകയുണ്ടായി.

ഫയല്‍ പരിശോധിക്കുമ്പോള്‍ ഒരു ഭാഗം മാത്രം കാണുകയും അതിനുമുമ്പും പിമ്പുമുള്ളത് വിട്ടുപോവുകയും ചെയ്യുന്നത് അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ തനിയെ നടന്നു പോയതല്ല. അതിനു തൊട്ടുമുമ്പ് മുഖ്യമന്ത്രി അതില്‍ ഇതില്‍ ഒരു വാചകം എഴുതിയിട്ടുണ്ട്.'ചീഫ് സെക്രട്ടറി കാണുക' എന്നതാണ് ആണ് ആ വാചകം. അതായത് ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ് ചീഫ് സെക്രട്ടറി പരിശോധിച്ച് അതില്‍ അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്.

അതിനര്‍ത്ഥം മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചീഫ് സെക്രട്ടറിയുടെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു എന്നാണ്. ഇത് എന്തിനാണ് പ്രതിപക്ഷ നേതാവ് മറച്ചുവെച്ചത്? പ്രതിപക്ഷ നേതാവ് പറയുന്ന ഫയലില്‍ ഒരു തവണ മാത്രമല്ല മുഖ്യമന്ത്രി ഇങ്ങനെയുള്ള പരിശോധനകളും അഭിപ്രായങ്ങളും ആവശ്യപ്പെട്ടത്. ഫയല്‍ അദ്ദേഹത്തിന്റെ കൈയിലുണ്ടല്ലൊ. ഒന്ന് മനസ്സിരുത്തി വായിച്ചുനോക്കണം.കഴിഞ്ഞദിവസം ഞാനൊരു കാര്യം പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പു വേണമെന്ന്. ഇപ്പോഴും പറയുന്നു ഉറപ്പു വേണം. അല്ലാതെ ആരെങ്കിലും പറയുന്നത് കേട്ട് നമ്മുടെയാകെ വിലപ്പെട്ട സമയം പാഴാക്കാന്‍ ശ്രമിക്കരുത്.

തെറ്റായ കാര്യങ്ങള്‍ ഓരോ ദിവസം പറയുകയും അതിനു നിങ്ങള്‍ മറുപടി തേടുകയും ചെയ്യുന്നത് വൃഥാ വ്യായാമമാണ്. എന്നാല്‍, ഒരുകാര്യം ഉറപ്പിച്ചു പറയാം. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും ഒരു തരത്തിലുമുള്ള തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ല. ഏതെങ്കിലും ആക്ഷേപം കേട്ടതുകൊണ്ട് കേരളത്തിന്റെ ഭാവിക്ക് അനിവാര്യമായ പദ്ധതികള്‍ ഉപേക്ഷിക്കുവാനും പോകുന്നില്ല.ഇലക്ട്രിക് ബസ് നിര്‍മാണത്തിനുള്ള പദ്ധതി കേരളത്തില്‍നിന്ന് പറിച്ചുകൊണ്ടുപോകാന്‍ ചില ശ്രമങ്ങള്‍ നടത്തുന്നതായി വിവരമുണ്ട്. അത്തരം ഒരു ശ്രമത്തിന് വളംവെച്ചുകൊടുക്കാന്‍ തയ്യാറാവരുത് എന്നാണ് പ്രതിപക്ഷ നേതാവിനോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

ആദ്യമായി പറയാനുള്ളത് കേരളത്തെ വൈദ്യുത വാഹന നിര്‍മാണത്തിന്റെ ഹബ്ബാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ രൂപീകരിച്ച വൈദ്യുത വാഹന നയത്തിന്റെ പ്രധാന ലക്ഷ്യം എന്നതാണ്. അത് കുറേ വൈദ്യുതി ബസുകള്‍ ഉണ്ടാക്കുക എന്നതിലേക്ക് ചുരുക്കിക്കാണരുത്. വൈദ്യുതി ബസുകള്‍ ഉള്‍പ്പെടെയുള്ളവ നിരത്തിലിറക്കി പൊതുഗതാഗത സംവിധാനത്തെ പരിസ്ഥിതി സൗഹൃദമാക്കുക, വൈദ്യുത വാഹന നിര്‍മാണ മേഖലയിലും അനുബന്ധ മേഖലകളിലും പുതിയ അവസരങ്ങള്‍ സൃഷ്ടിച്ച് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ കണ്ടെത്താനുള്ള സാഹചര്യമൊരുക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

ഇതിനോടൊപ്പം ബാറ്ററി നിര്‍മാണം അടക്കമുള്ള അനുബന്ധ വ്യവസായങ്ങളും സംസ്ഥാനത്തേക്കു വരും. വൈദ്യുത വാഹനനിര്‍മാണം പുരോഗമിക്കുമ്പോള്‍ തന്നെ ഐടി, ബിടി, ആഗ്രോ വ്യവസായങ്ങളും വളരുകയാണ്. ഇങ്ങനെ വ്യവസായ മേഖലയെ പരസ്പരബന്ധിതവും കാലാനുസൃതവുമായ പുതിയ തലത്തിലേക്ക് ഉണര്‍വുനല്‍കുക എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനെ ചുരുക്കിക്കാണിക്കാനും വിവാദങ്ങളുയര്‍ത്തി തളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ജനവിരുദ്ധമാണ്.

കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡബ്ല്യുസിക്കുമേല്‍ സെബി നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പിഡബ്ല്യുസിയുടെ കാര്യം വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. അതല്ലാതെ തന്നെ ചോദിക്കട്ടെ  സെബിയുടെ നിരോധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? സത്യം ഗ്രൂപ്പ് കമ്പനികളുടെ ഓഡിറ്റിങ്ങില്‍ പിഴവ് വരുത്തി എന്ന കാരണം പറഞ്ഞ് സെബി, െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ബംഗളൂരു എല്‍എല്‍പി എന്ന സ്ഥാപനത്തിന് ഏര്‍പ്പെടുത്തിയത് ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഡിറ്റിങ് നടത്തുന്നതില്‍ നിന്നും രണ്ടുവര്‍ഷത്തേക്കുള്ള വിലക്കാണ്.

അദ്ദേഹം ഉന്നയിച്ച മറ്റൊരു വിഷയം ഇലക്ട്രിക് ബസ് നിര്‍മാണ രംഗത്തേക്ക് ഹെസ്സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നതിനെ സംബന്ധിച്ചാണ്. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനനുസരിച്ചാണ് ഇവെഹിക്കിള്‍ പോളിസി സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിടുന്ന സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ടി സത്വരമായ നടപടികള്‍ സ്വീകരിക്കും. അതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com