കോവിഡ് ഭേദമാകാതെ ആശുപത്രിയില്‍ 50 ദിവസം പിന്നിട്ട് പാലക്കാട് സ്വദേശി, നടത്തിയത് 15 ടെസ്റ്റുകള്‍, ഫലം പോസിറ്റീവ് 

ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി കോവിഡ് സ്ഥിരീകരിച്ച 53 കാരന്‍ കഴിഞ്ഞ 50 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍
കോവിഡ് ഭേദമാകാതെ ആശുപത്രിയില്‍ 50 ദിവസം പിന്നിട്ട് പാലക്കാട് സ്വദേശി, നടത്തിയത് 15 ടെസ്റ്റുകള്‍, ഫലം പോസിറ്റീവ് 

പാലക്കാട്:  ചെന്നൈയില്‍ നിന്ന് നാട്ടിലെത്തി കോവിഡ് സ്ഥിരീകരിച്ച 53 കാരന്‍ കഴിഞ്ഞ 50 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍. കോവിഡ് ബാധിച്ച് അസുഖം ഭേദമാകാതെ 50 ദിവസം ആശുപത്രിയില്‍ കിടക്കുന്നത് കേരളത്തില്‍ ആദ്യമാണ്. ചികിത്സയ്ക്കിടെ 15 തവണയാണ് സ്രവ പരിശോധനയ്ക്കായി സാമ്പിള്‍ എടുത്തത്.  ഇതുവരെ ഫലം അനുകൂലമായിരുന്നില്ല. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയുടെ ഫലത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്.

പാലക്കാട് ശ്രീകൃഷ്ണപുരത്തെ തലയണക്കാട് സ്വദേശിയായ 53കാരനാണ് മാങ്കോടുളള മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്. ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിയെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 10നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത  ദിവസം തന്നെ നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കഴിഞ്ഞ 50 ദിവസമായി അസുഖം ഭേദമാകാതെ ആശുപത്രിയില്‍ കഴിയുകയാണ് 53കാരന്‍. പത്തനംതിട്ട സ്വദേശിനിയായ 62 കാരിയാണ് ഇതിന് മുന്‍പ് ഏറ്റവും കൂടുതല്‍ ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് 42 ദിവസമാണ് ഇവര്‍ കഴിഞ്ഞത്. 19 തവണയാണ് ഇവരുടെ പരിശോധനാ ഫലം പോസിറ്റീവായത്.

ഇതുവരെ നടത്തിയ പരിശോധനയില്‍ 13 തവണയും പാലക്കാട് സ്വദേശിയുടെ ഫലം പ്രതികൂലമായിരുന്നു. ഒരു തവണ നെഗറ്റീവായെങ്കിലും തുടര്‍ച്ചയായി രണ്ടു തവണ  നെഗറ്റീവ് ആയാല്‍ മാത്രമേ ആശുപത്രി വിടാന്‍ സാധിക്കൂ. ജൂണ്‍ 25, 27 തീയതികളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് 53കാരന്‍.

കഴിഞ്ഞാഴ്ചയാണ് പാലക്കാട് പിസിആര്‍ ടെസ്റ്റ് ആരംഭിച്ചത്. ജൂണ്‍ 27 ന് എടുത്ത സാമ്പിള്‍ പാലക്കാടാണ് പരിശോധിച്ചത്. ഇതിന്റെ ഫലം നെഗറ്റീവാണ്. ജൂണ്‍ 25ന് എടുത്ത സാമ്പിള്‍ ആലപ്പുഴയിലേക്കാണ് അയച്ചു കൊടുത്തത്. ഇതും നെഗറ്റീവായാല്‍ 53കാരന് ആശുപത്രി വിടാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com