മൂന്ന് ദിവസം പ്രായമായ കുഞ്ഞ് പള്ളിക്ക് മുന്നില്‍;  പ്രസവം നടന്നത് വീട്ടില്‍; അന്വേഷണം

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം
മൂന്ന് ദിവസം പ്രായമായ കുഞ്ഞ് പള്ളിക്ക് മുന്നില്‍;  പ്രസവം നടന്നത് വീട്ടില്‍; അന്വേഷണം

പത്തനംതിട്ട: അടൂര്‍ മരുതിമൂട് സെന്റ് ജോര്‍ജ് കാത്തലിക് പള്ളിക്ക് മുമ്പില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് ആരാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. സംഭവത്തില്‍ ചില ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് അടൂര്‍ പൊലീസ് എസ്.എച്ച്.ഒ. പറഞ്ഞു

ആശുപത്രിയില്‍ നടന്ന പ്രസവത്തിലല്ല കുഞ്ഞ് ജനിച്ചതെന്നാണ് പ്രാഥമികമായ കണ്ടെത്തല്‍. വീട്ടിലോ മറ്റെവിടെയോ ആണ് പ്രസവം നടന്നിരിക്കുന്നത്. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ രീതി കണ്ടാല്‍ ഇക്കാര്യം വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കുഞ്ഞ് നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പ്രതികരിച്ചു. സംഭവത്തില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ സംഭവമായതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ വെബ് പോര്‍ട്ടലിലടക്കം വിവരം പ്രസിദ്ധീകരിക്കും. ഇതിന്റെ തുടര്‍നടപടികള്‍ക്കായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരുതിമൂട് സെന്റ് ജോര്‍ജ് കാത്തലിക്ക് പള്ളിക്ക് മുമ്പില്‍ മൂന്നു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കുരിശടിയില്‍ മെഴുകുതിരി കത്തിക്കാന്‍ എത്തിയവരാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞെത്തിയ അടൂര്‍ പൊലീസ് കുഞ്ഞിന്റെ സംരക്ഷണം ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com