രാപ്പകല്‍ വ്യത്യാസമില്ലാതെ ഇഴഞ്ഞുവരുന്ന വിഷപ്പാമ്പുകള്‍, ഭിത്തിയോട് ചേര്‍ന്ന് പുറ്റുകള്‍; ഭീതിയില്‍ ഒരു കുടുംബം

രാപ്പകല്‍ വ്യത്യാസമില്ലാതെ വീട്ടിലേക്ക് ഇഴഞ്ഞുവരുന്ന വിഷപ്പാമ്പുകളെ ഭയന്ന് ഒരു കുടുംബം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സുല്‍ത്താന്‍ ബത്തേരി: രാപ്പകല്‍ വ്യത്യാസമില്ലാതെ വീട്ടിലേക്ക് ഇഴഞ്ഞുവരുന്ന വിഷപ്പാമ്പുകളെ ഭയന്ന് ഒരു കുടുംബം. വയനാട് മീനങ്ങാടി പന്നിമുണ്ട കാരാട്ടുകുന്ന് പേരാങ്കോട്ടില്‍ ശോഭനനെന്ന കൂലിപ്പണിക്കാരനും കുടുംബവുമാണ് ഭീതിയില്‍ കഴിയുന്നത്.

പച്ചക്കട്ടയില്‍ നിര്‍മിച്ച വീടിന്റെ ഭിത്തിയോടു ചേര്‍ന്ന് പലപ്പോഴും പുറ്റുകള്‍ വളര്‍ന്നു വരുന്നുണ്ട്.കല്ലിളകി പൊത്തുകള്‍ നിറഞ്ഞ അവസ്ഥയിലാണ് അടിത്തറ. ഭിത്തി വിണ്ടു കീറിയ നിലയിലാണ്. ഈ ദുരിതത്തിനിടെയാണ് വിഷപ്പാമ്പുകളെ ഭയന്ന് ഈ കുടുംബം ഭയന്ന് കഴിയേണ്ടി വരുന്നത്. വീട്ടിലിരുന്ന് പഠിക്കാനോ ഭക്ഷണം കഴിക്കാനോ പറ്റുന്നില്ലെന്ന് ശോഭനന്റെ മകള്‍ ഏഴാം ക്ലാസുകാരി റോസ്പ്രിയ പറയുന്നു.

പഠിക്കുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന വെള്ളം പുസ്തകങ്ങളിലേക്കെത്തും. ചിതല്‍ മണ്ണ് പലപ്പോഴും ചോറില്‍ വീണിട്ടുണ്ട്. ഭിത്തി വിണ്ടുകീറി വീഴാറായ സ്ഥിതിയാണ്. വീടിന്റെ ഇളം തിണ്ണയില്‍ കിടന്ന മൂര്‍ഖനെ റോസ്പ്രിയ കഴിഞ്ഞ ദിവസം അറിയാതെ ചവിട്ടി. ബഹളം വച്ചപ്പോള്‍ വീടിന്റെ തറയുടെ ഉള്ളിലേക്ക് ഇഴഞ്ഞു പോയി. തറയുടെ ഒരു ഭാഗം പൊളിച്ചപ്പോള്‍ കൂടുതല്‍ ഉള്ളിലേക്കാണ് പാമ്പ് പോയത്.

കിടപ്പുമുറിയിലും ഹാളിലുമൊക്കെ ചിതല്‍ പുറ്റുകളുണ്ടായിരുന്നതു കഴിഞ്ഞദിവസം പൊളിച്ചു മാറ്റി. നനവുള്ളതു കൊണ്ടു വീണ്ടും പുറ്റുകളുണ്ടാകുന്നുണ്ട്. വീടിനുള്ളിലെത്തിയ വിഷപ്പാമ്പിനെ തല്ലിക്കൊല്ലേണ്ടി വന്നു. എത്ര ഓടിച്ചിട്ടും പാമ്പുകള്‍ പോകുന്നില്ലെന്നു ശോഭനന്‍ പറയുന്നു. പഞ്ചായത്തില്‍ അപേക്ഷിച്ചെങ്കിലും പുതിയ വീട് ലഭിക്കുന്നതിന് നടപടികളൊന്നുമുണ്ടായിട്ടില്ല.

കലശലായ വാതരോഗത്തെത്തുടര്‍ന്ന് ശരീരമാസകലം നീരും വേദനയുമാണ്  ശോഭനന്റെ ഭാര്യ പ്രിന്‍സിക്ക്.  ചികിത്സയ്ക്ക് തന്നെ വലിയ തുക വേണം.കുട്ടികള്‍ക്കും അസുഖം മാറിയ ദിവസമില്ല. 475 രൂപയുടെ ദിവസക്കൂലി മാത്രമാണ് ശോഭനന് ലഭിക്കുന്നത്. പലപ്പോഴും ജോലിക്ക് പോകാനും പറ്റുന്നില്ല. ഇളയ മകന്‍ റോഷനും വിദ്യാര്‍ഥിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com