ജോസ് വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് വരാം; പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി കാപ്പന്‍

ഇടതുമുന്നണി വാതില്‍ തുറന്നാല്‍ അതിലൂടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കയറിവരാമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍.
ജോസ് വിഭാഗത്തിന് എല്‍ഡിഎഫിലേക്ക് വരാം; പാലാ സീറ്റ് വിട്ടുനല്‍കില്ലെന്ന് മാണി സി കാപ്പന്‍

തിരുവനന്തപുരം: ഇടതുമുന്നണി വാതില്‍ തുറന്നാല്‍ അതിലൂടെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കയറിവരാമെന്ന് പാലാ എംഎല്‍എയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍. ഇടതുമുന്നണി തീരുമാനത്തിനൊപ്പം നല്‍ക്കും. എന്നാല്‍ പാലാ സീറ്റില്‍ ഒത്തുതീര്‍പ്പില്ല. സീറ്റ് വീട്ടുകൊടുക്കുന്ന വിഷയം ഉദിക്കുന്നില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാലാ മണ്ഡലം തിരിച്ചുപിടിച്ചത്. അത് വിട്ടുനല്‍കണമെന്ന് ഇടതുമുന്നണി ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

അതേസമയം, ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ളത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള രാഷ്ട്രീയ കക്ഷി തന്നെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ജോസ് പക്ഷത്തെ പുറത്താക്കിയതിനെത്തുടര്‍ന്ന് യുഡിഎഫില്‍ ഉണ്ടായിട്ടുള്ള രാഷ്ട്രീയ പ്രതിസന്ധി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ജോസ് കെ മാണിയുടെ നേത്വത്തിലുള്ള കക്ഷി ജനസ്വാധീനമുള്ള പാര്‍ട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പത്രത്തില്‍ അഭിപ്രായപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വിജയരാഘവന്റെ പ്രതികരണം. കോടിയേരി പറഞ്ഞത് യാഥാര്‍ഥ്യമാണ്. അവര്‍ സ്വാധീനമുള്ള കക്ഷി തന്നെയാണ്. അവരെ പുറത്താക്കിയതിലൂടെ യുഡിഎഫില്‍ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. എല്‍ഡിഎഫ് അതു ചര്‍ച്ച ചെയ്യും. ജോസ് പക്ഷത്തെ എല്‍ഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തിന് മുന്നണി കൂട്ടായി ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് വിജയരാഘവന്‍ പറഞ്ഞു.

പുതിയൊരു സാഹചര്യമുണ്ടാവുമ്പോള്‍ അതു ചര്‍ച്ച ചെയ്യുകയാണല്ലോ രാഷ്ട്രീയത്തില്‍ ചെയ്യുക. ഇപ്പോഴത്തേത് പുതിയൊരു സാഹചര്യമാണ്. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അല്ല ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ജോസ് പക്ഷം യുഡിഎഫ് വിട്ടു. ഇനി അവര്‍ നിലപാട് വ്യക്താക്കണം. രാഷ്ട്രീയകാര്യങ്ങളില്‍ അവര്‍ നിലപാടു വ്യക്തമാക്കാത്തിടത്തോളം അവരെ എല്‍ഡിഎഫില്‍ എടുക്കുമോ എന്ന ചോദ്യത്തിനു മറുപടി പറയാനാവില്ല വിജയരാഘവന്‍ പറഞ്ഞു.

ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് പറഞ്ഞു. ഇതു യുഡിഎഫ് കൂട്ടായി എടുത്ത തീരുമാനമാണെന്ന് പിജെ ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറണം എന്ന കേരള കോണ്‍ഗ്രസ് നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. സ്ഥാനം കൈമാറി നല്ല കുട്ടിയായി തിരിച്ചുവന്നാല്‍ ജോസിന് യുഡിഎഫില്‍ തുടരാനായേക്കും. അതു താന്‍ നേരത്തെയും പറഞ്ഞിട്ടുള്ളതാണാണ്. യുഡിഎഫിന്റെ തീരുമാനം തള്ളിപ്പറഞ്ഞ് മുന്നണിയില്‍ തുടരാനാവില്ല. ഇതാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയതെന്ന്, ജോസ് പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജോസഫ് പറഞ്ഞു.

ജോസ് കെ മാണി ഇനി എങ്ങോട്ടുപോവുമെന്നു പറയാനാവില്ല. എല്‍ഡിഎഫില്‍ പോവുമോ എന്നു ചോദിച്ചപ്പോള്‍ എല്‍ഡിഎഫോ  എന്‍ഡിഎയോ ആണോ എന്നൊന്നും തനിക്കറിയില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. അനന്തമജ്ഞാതം എന്നു പറഞ്ഞ പോലെയാണ് അവരുടെ സ്ഥിതി. ജോസ് പക്ഷത്തിന്റെ അടിത്തറ പൊളിയുകയാണെന്നും കൂടുതല്‍ പേര്‍ പുറത്തുവരുമെന്നും ജോസഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com