ലോക്ഡൗണ്‍ കാലത്ത് സ്‌കൂള്‍ ഫീസ് ഈടാക്കാം; ഹര്‍ജി ഹൈക്കോടതി തളളി 

സിബിഎസ്ഇ അടക്കമുളള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ലോക്ഡൗണ്‍ കാലത്ത് ഫീസ് വാങ്ങുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി
ലോക്ഡൗണ്‍ കാലത്ത് സ്‌കൂള്‍ ഫീസ് ഈടാക്കാം; ഹര്‍ജി ഹൈക്കോടതി തളളി 

കൊച്ചി: സിബിഎസ്ഇ അടക്കമുളള അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ലോക്ഡൗണ്‍ കാലത്ത് ഫീസ് വാങ്ങുന്നത് തടയണമെന്ന ആവശ്യം ഹൈക്കോടതി തളളി. ലോക്ഡൗണ്‍ ആണെങ്കിലും അല്ലെങ്കിലും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ശമ്പളം നല്‍കണമെന്നാണ് സിബിഎസ്ഇയും സ്‌കൂള്‍ അധികൃതരും അറിയിച്ചത്. ഫീസ് ഈടാക്കുന്നതില്‍ നിയമവിരുദ്ധമായോ ക്രമവിരുദ്ധമായോ ഒന്നുമില്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തളളിയത്.

കഴിഞ്ഞവര്‍ഷത്തെ ഫീസാണ് ഇത്തവണയും ഈടാക്കുന്നത്. അതിനാല്‍ ഫീസ് ഈടാക്കരുതെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.കരുനാഗപ്പളളി ശ്രീബുദ്ധ സെന്‍ട്രല്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഹര്‍ജി തളളിയത് ഫീസ് മാസം തോറും അടയ്ക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിക്കാരുടെ അപേക്ഷ പരിഗണിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യം സ്‌കൂള്‍ അധികൃതരും സിബിഎസ്ഇയും പരിഗണിക്കണം.

സിബിഎസ്ഇ സ്‌കൂളുകളുടെ ഫീസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി. എല്ലാ സ്‌കൂളുകളും ഒരേ രീതിയിലേ ഫീസ് ഈടാക്കാവൂ എന്ന് നിര്‍ദേശിക്കാനാകില്ല. സ്‌കൂള്‍ നടത്താനാവശ്യമായ തുകയേ ഫീസായി ഈടാക്കാവൂ എന്നാണ് ചട്ടമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com