എസ്എന്‍ഡിപി നേതാവിന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും
എസ്എന്‍ഡിപി നേതാവിന്റെ ആത്മഹത്യ: വെള്ളാപ്പള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും

ആലപ്പുഴ: എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വെള്ളാപ്പള്ളി ഇന്നലെ അന്വേഷണസംഘത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റിയത്. സഹായി കെ എല്‍ അശോകനെ ചോദ്യം ചെയ്തതിനെ പിന്നാലെയാണ് അന്വേഷണ സംഘം വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യുന്നത്.

കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് കെ എല്‍ അശോകനെ മാരാരിക്കുളം പൊലീസ് മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്തത്. മരിക്കുന്നതിന് മുമ്പ് മഹേശന്‍ പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങള്‍ പൊലീസ് ചോദിച്ചറിഞ്ഞു. ഇതിന് പിന്നാലെയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നാളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചത്. അതേസമയം, വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ മഹേശന്റെ കുടുംബം രംഗത്തെത്തിയിരുന്നു

വെള്ളാപ്പള്ളി നടേശന്‍ നിരപരാധി എന്ന് പറഞ്ഞ മഹേശനെ തുഷാര്‍ അഴിമതിക്കാരന്‍ അന്വേഷണം ആക്കുന്നത് വിചിത്രം ആണെന്ന് കുടുംബം ആരോപിച്ചു. നിലനില്‍പ്പിന്റെ ഭാഗമായാണ് തുഷാര്‍ ഇപ്പോള്‍ അഴിമതി ആരോപണങ്ങളുന്നയിക്കുന്നതെന്നും ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. മഹേശനും തുഷാറും ഒന്നിച്ചാണ് ചേര്‍ത്തല യൂണിയന്‍ ഭരിച്ചത്. രണ്ടു പേരും ഒപ്പിട്ടാണ് എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത്. മഹേശന്‍ ക്രമക്കേട് നടത്തിയെടുത്തുവെന്ന് പറയുന്ന 15 കോടി എവിടെ പോയി എന്ന് കണ്ടു പിടിക്കണം. പ്രത്യേക അന്വേഷണസംഘം എല്ലാം പരിശോധിക്കട്ടെയെന്നും കുടുംബം പ്രതികരിച്ചു. 

മഹേശന്റെ നേതൃത്വത്തില്‍ വന്‍ ക്രമക്കേടുകളും നടന്നിട്ടുണ്ടെന്നും ക്രമക്കേടുകള്‍ പിടിക്കപ്പെട്ടപ്പോള്‍ വെള്ളാപ്പള്ളിയെ കുടുക്കാന്‍ കുറിപ്പ് എഴുതി വച്ച് മഹേശന്‍ ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com