ശബരിമല വിമാനത്താവളം: ചെറുവളളി എസ്റ്റേറ്റ് ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

ശബരിമല വിമാനത്താവളത്തിനായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഭൂമി ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ
ശബരിമല വിമാനത്താവളം: ചെറുവളളി എസ്റ്റേറ്റ് ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ

കൊച്ചി:ശബരിമല വിമാനത്താവളത്തിനായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഭൂമി ഏറ്റെടുക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്‌റ്റേ. വിമാനത്താവളത്തിനായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഭൂമി ഏറ്റെടുക്കാന്‍ കോട്ടയം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. ഈ മാസം 21 വരെയാണ് സ്‌റ്റേ.

ചെറുവളളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശമുളള അയന ചാരിറ്റബിള്‍ ട്രസ്റ്റാണ് ഹര്‍ജി നല്‍കിയത്. ചെറുവളളി എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാരിന്റേതെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഭൂമി സ്വന്തമെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നതെന്തിനെന്ന് കോടതി ആരാഞ്ഞു. ഹര്‍ജി ഈ മാസം 21 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. 

കഴിഞ്ഞമാസമാണ് ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. റവന്യു പ്രിന്‍സിപ്പള്‍ സെക്രട്ടറി ജയതിലകനാണ് ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.  ചെറുവളളി എസ്‌റ്റേറ്റിലെ 2263.13 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. 

2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമിയുടെ ഉടമസ്ഥാവാശം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കമുള്ളതാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ച്് ഭൂമി ഏറ്റെടുക്കാനാണ് തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com