കൊച്ചിയില്‍ കടുത്ത ആശങ്ക ; പരിശോധനകള്‍ കൂട്ടുന്നു ; കടവന്ത്ര ആശുപത്രിയിലെത്തിയ രോഗിക്ക് കോവിഡ് ; 15 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍

കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു
കൊച്ചിയില്‍ കടുത്ത ആശങ്ക ; പരിശോധനകള്‍ കൂട്ടുന്നു ; കടവന്ത്ര ആശുപത്രിയിലെത്തിയ രോഗിക്ക് കോവിഡ് ; 15 ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റീനില്‍


കൊച്ചി : കൊച്ചിയില്‍ അടക്കം കോവിഡ് രോഗവ്യാപനം കൂടുന്നത് മുന്നറിയിപ്പെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. ജനങ്ങള്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കും. വിവിധ ഇടങ്ങളില്‍ നിന്നും ആളുകള്‍ വരുന്ന സ്ഥലമാണ് കൊച്ചി. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതുകൊണ്ടാണ് പരിശോധന കര്‍ശനമാക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പ് ഒപിയില്‍ ചികില്‍സ തേടിയെത്തിയ രോഗിക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് രോഗിയെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കടവന്ത് ആശുപത്രിയിലെ 15 ആരോഗ്യപ്രവര്‍ത്തകരെ ക്വാറന്റീനിലാക്കി. ആശുപത്രി അണുവിമുക്തമാക്കി.

രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പരിശോധനകള്‍ കൂട്ടാന്‍ നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി ഡിഎംഒ എസ് ശ്രീദേവി അറിയിച്ചു. രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. ഇതുവഴി ദിവസം ശരാശരി 500 ടെസ്റ്റുകള്‍ വരെ നടത്താം. കളമശ്ശേരി മെഡിക്കല്‍ കോളജിലും റീജിയണല്‍ ലാബിലുമാകും ലാബുകള്‍ സ്ഥാപിക്കുകയെന്നും അറിയിച്ചു.

രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ പൊലീസ് പരിശോധന ശക്തമാക്കി.  കൊച്ചി നഗരത്തിലെ കലൂര്‍, എംജി റോഡ്, പാലാരിവട്ടം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. മാസ്‌ക് ധരിക്കാത്ത നിരവധി പേരെ പൊലീസ് താക്കീത് ചെയ്ത് വിട്ടു. നിയമലംഘനം തുടര്‍ന്നാല്‍ കേസെടുക്കുക അടക്കം കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ചമ്പക്കര മാര്‍ക്കറ്റില്‍ പുലര്‍ച്ചെ പരിശോധന നടത്തിയ പൊലീസ് മാസ്‌ക് ധരിക്കാത്ത നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com