'തിരുവനന്തപുരം അന്ധിപർവതത്തിന് മുകളിൽ'; നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും പരിശോധന നടത്തുമെന്ന് കടകംപള്ളി

ഫുഡ് ഡെലിവറി ബോയിക്ക് രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും രണ്ടുദിവസത്തിനുള്ളില്‍ ആന്‍റിജന്‍ പരിശോധന നടത്താനാണ് തീരുമാനം
'തിരുവനന്തപുരം അന്ധിപർവതത്തിന് മുകളിൽ'; നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും പരിശോധന നടത്തുമെന്ന് കടകംപള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സമ്പര്‍ക്ക രോഗികള്‍ കൂടുന്നത് ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയന്ത്രണങ്ങൾ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. ഫുഡ് ഡെലിവറി ബോയിക്ക് രോ​ഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ മുഴുവൻ ഭക്ഷണ വിതരണ ജീവനക്കാര്‍ക്കും രണ്ടുദിവസത്തിനുള്ളില്‍ ആന്‍റിജന്‍ പരിശോധന നടത്താനാണ് തീരുമാനം. ഇന്നും നാളെയുമായി പരിശോധനകളുടെ എണ്ണം കൂട്ടുമെന്നും ഇതിനായി ആശുപത്രികള്‍ സജ്ജമെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഐഎംഎയുടെ സാമൂഹിക വ്യാപന സാധ്യത കടകംപള്ളി തള്ളി. സാമൂഹിക വ്യാപനം ഉണ്ടാകില്ലെന്ന് കരുതുന്നില്ല. ഉണ്ടായാല്‍ മറച്ചുവെക്കില്ല, സര്‍ക്കാര്‍ തന്നെ ആദ്യം പറയുമെന്നും വ്യക്തമാക്കി. തലസ്ഥാനം അന്ധിപർവതത്തിന് മുകളിലാണെന്നും ഏതു സമയത്തും പൊട്ടിയേക്കാമെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച കുമരിച്ചന്തയിലെ മത്സ്യവില്‍പ്പനക്കാരന് കന്യാകുമാരി ബന്ധമുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച പൂന്തുറ സ്വദേശിയായ മെഡിക്കൽ റെപ്രസെന്‍റേറ്റീവിന് ധാരാളം ഡോക്ടര്‍മാരുമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്‍റ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു. കുന്നത്തുകാൽ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാളയം മത്സ്യമാർക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളിൽ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com