വനിതാ സംരക്ഷണ കേന്ദ്രത്തിൽ പീഡനമെന്ന് പരാതി, കോട്ടയത്തെ 'സാന്ത്വനം' നടത്തിപ്പുകാരിയുടെ ഭർത്താവിനെതിരേ കേസ്

പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അഭയകേന്ദ്രം സന്ദർശിച്ച് തെളിവെടുത്തു
വനിതാ സംരക്ഷണ കേന്ദ്രത്തിൽ പീഡനമെന്ന് പരാതി, കോട്ടയത്തെ 'സാന്ത്വനം' നടത്തിപ്പുകാരിയുടെ ഭർത്താവിനെതിരേ കേസ്

കോട്ടയം: യുവതി നൽകിയ പീഡനപരാതിയിൽ സ്ത്രീകൾക്കായുള്ള സംരക്ഷണകേന്ദ്രത്തിന്റെ നടത്തിപ്പുകാരിയുടെ ഭർത്താവിനെതിരേ കേസെടുത്തു. കോട്ടയം ഗാന്ധിനഗറിലെ 'സാന്ത്വനം' ചാരിറ്റബിൾ ട്രസ്റ്റിലെ അന്ദേവാസിയാണ് പരാതി നൽകിയത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാരിറ്റബിൾ ട്രസ്റ്റ് മേധാവിനിയുടെ ഭർത്താവ് ബാബു വർഗീസിനെതിരെ കേസ് രജിസ്റ്റർചെയ്തു.

ഇടുക്കി സ്വദേശിനിയായ യുവതിയാണ് മുഖ്യമന്ത്രി, ചൈൽഡ് ലൈൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നിവർക്ക് പരാതി നല്കിയത്. ജൂൺ 23-നാണ് പരാതി നല്കിയത്. യുവതി 12 വർഷമായി ഈ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്.

കേന്ദ്രം നടത്തിപ്പുകാരിയുടെ വീട്ടിലെ ജോലികൾക്ക് ഇടയ്ക്ക് കൊണ്ടുപോകുമായിരുന്നെന്നും കിടപ്പുരോഗിയായ അമ്മയെ പരിചരിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയപ്പോഴാണ് മോശം അനുഭവം ഉണ്ടായതെന്നും യുവതി പരാതിയിൽ പറയുന്നു. ബാബു അശ്ലീലസംഭാഷണങ്ങൾ നടത്തുകയും പീഡിപ്പിക്കുകയും ചെയ്തു എന്നാണ് യുവതി ആരോപിച്ചിട്ടുള്ളത്. നടത്തിപ്പുകാരി വീട്ടിലില്ലാതിരുന്നതിനാൽ വൃദ്ധമാതാവിന്റെ മുറിയിലിരുന്നാണ് രക്ഷപ്പെട്ടതെന്ന് അവർ പറയുന്നു.

പിറ്റേന്ന് കേന്ദ്രത്തിലെത്തി നടത്തിപ്പുകാരിയോടും മറ്റുള്ളവരോടും കാര്യങ്ങൾ പറഞ്ഞു. അതോടെ ഉടമയായ സ്ത്രീക്ക് തന്നോടുള്ള പെരുമാറ്റത്തിൽ മാറ്റമുണ്ടായി. ഈ സംഭവത്തിനുശേഷവും അവരുടെ ഭർത്താവ് തുടർച്ചയായി കേന്ദ്രത്തിൽ എത്തിത്തുടങ്ങിയതോടെയാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അഭയകേന്ദ്രം സന്ദർശിച്ച് തെളിവെടുത്തു. ചെറിയ പെൺകുട്ടികൾ ഇവിടെ തുടരുന്നത് സുരക്ഷിതമല്ലെന്ന ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ അറിയിപ്പിനെത്തുടർന്ന് 17 പെൺകുട്ടികളെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com