ആലുവയില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു; അതീവ ജാഗ്രത 

ആലുവയില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ കീഴ്മാട് പഞ്ചായത്തിലെ വിവാഹ നിശ്ചയ ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്തതായി വിവരം
ആലുവയില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തു; അതീവ ജാഗ്രത 

കൊച്ചി: ആലുവയില്‍ കോവിഡ് സ്ഥിരീകരിച്ചയാള്‍ കീഴ്മാട് പഞ്ചായത്തിലെ വിവാഹ നിശ്ചയ ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്തതായി വിവരം. 
രോഗലക്ഷണമുള്ള സമയത്തും ഇയാള്‍ പുറത്തിറങ്ങിയിരുന്നെന്നും വാഴക്കുളത്തെ ബിസിനസ് സ്ഥാപനത്തില്‍ ഉള്‍പ്പെടെ പോയിരുന്നെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

ഓട്ടോ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ, ആലുവ സമ്പര്‍ക്ക രോഗവ്യാപന ഭീഷണിയിലാണ്. ആലുവയില്‍ ഗുരുതരമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. സമ്പര്‍ക്കത്തിലൂടെയുളള രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍  ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം നഗരത്തില്‍ ആശങ്കപ്പെടുത്തുന്ന സാഹചര്യമാണെങ്കിലും ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ആവശ്യമെങ്കില്‍ മാത്രമേ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തൂ.  നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടേണ്ടിവരും. എറണാകുളത്തേക്കാള്‍ ഗുരുതരമായ അവസ്ഥ ആലുവയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആലുവ, ചമ്പക്കര മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കിയ ശേഷം നാളെ പൊലീസ് സാന്നിധ്യത്തില്‍ താല്‍ക്കാലികമായി തുറക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഒരു സമയം എത്ര പേര്‍ക്ക് നില്‍ക്കാം എന്ന കാര്യത്തില്‍ ഉള്‍പ്പെടെ പൊലീസ് നിര്‍ദേശം നല്‍കും. ചില്ലറ വില്‍പന അനുവദിക്കില്ല. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com