കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ പിഴ പിന്നീടല്ല; ഉടനടി ഈടാക്കാന്‍ പൊലീസ്; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

ജില്ലയില്‍ കോവിഡ് 19 സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു
കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ പിഴ പിന്നീടല്ല; ഉടനടി ഈടാക്കാന്‍ പൊലീസ്; കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോഴിക്കോട്:  ജില്ലയില്‍ കോവിഡ് 19 സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കായി പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ നിയമപ്രകാരം നിയമലംഘനം  നടത്തുന്നത് തടയുകയാണ് ലക്ഷ്യമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എസ്.സാംബശിവറാവു അറിയിച്ചു.

നിയമലംഘനങ്ങള്‍ക്ക് പതിനായിരം രൂപ പിഴയോ അല്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദഗതി. പകര്‍ച്ചവ്യാധി നിയമപ്രകാരമുളള ലോക്ഡൗണ്‍ ലംഘന കേസുകളില്‍ ഇനി കോടതി പിഴ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങില്ല. പകരം പൊലീസിന് അതാത് സ്ഥലങ്ങളില്‍വെച്ച് തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പിഴ ഈടാക്കാം.

കടകളിലും സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളിലും പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കുന്നില്ല എന്ന് കണ്ടാല്‍ പൊതു ജനങ്ങള്‍ക്ക് കോവിഡ് ജാഗ്രത അപ്ലിക്കേനിലൂടെ റിപ്പോര്‍ട്ട് ചെയ്യാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 

ഈ ലിങ്കിലൂടെ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാം. പൊതുജനങ്ങളുടെ പരാതികളില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം സത്വര നടപടി സ്വീകരിക്കുന്നതായിരിക്കും.

കടകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കര്‍ശനമായയും താഴെ പറയുന്ന മുന്‍കരുതലുകള്‍ പാലിക്കണം:

കടകളുടെയും സ്ഥാപനങ്ങളുടെയും വലിപ്പത്തിനനുസരിച്ച് അകത്തു പ്രവേശിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കണം.
കടകളിലും സ്ഥാപനങ്ങളിലും ഒരു നിശ്ചിതസമയത്ത് പ്രവേശിക്കാവുന്ന ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണം.

സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

കോവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങളും, പരാതികള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാനുമുള്ള വിവരങ്ങളും വ്യക്തമായി പ്രദര്‍ശിപ്പിക്കണം.
കടയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് സാനിറ്റൈസറോ ഹാന്റ് വാഷോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യം ഒരുക്കണം.

കടകളിലേക്ക് പോകുന്നവര്‍ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയരാകണം.

കടയില്‍ എത്തുന്നവര്‍ തങ്ങളുടെ പേര്, ബന്ധപ്പെടേണ്ട നമ്പര്‍ അടക്കം പുറത്തുവച്ചിരിക്കുന്ന രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കണം.
മാസ്‌ക് ഇല്ലാതെ ആരെയും പ്രവേശിപ്പിക്കരുത്.

കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണം.

കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ ഉപഭോക്താക്കളുമായി ഇടപെടുമ്പോള്‍ കൃത്യമായ അകലം പാലിക്കണം.

കടകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം.

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും, ക്വാറന്റൈനില്‍ ഉള്ളവരും യാതൊരു കാരണവശാലും കടകളിലും സ്ഥാപനങ്ങളിലും പോകരുത്.

10 വയസ്സിന് താഴെയുള്ള കുട്ടികളും 60 വയസ്സിന് മുകളില്‍ ഉള്ള മുതിര്‍ന്നവരും, ഗര്‍ഭിണികളും കടകളിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണം.
ബ്യൂട്ടി പാര്‍ലറുകളിലും ബാര്‍ബര്‍ ഷോപ്പുകളിലും പുനരുപയോഗ സാധ്യതയുള്ള ഉപകരണങ്ങള്‍ കൃത്യമായി ആണുനശീകരരണം നടത്തണം. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണം.

മാര്‍ക്കറ്റുകളില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. യാതൊരു കാരണവശാലും തിരിക്ക് ഉണ്ടാക്കാന്‍ പാടില്ല.

മാര്‍ക്കറ്റുകളില്‍ വില്‍പ്പനക്കാരും ഉപഭോക്താക്കളും മാസ്‌ക് ധരിക്കണം.

ഇടക്ക് ഇടക്ക് സോപ്പും വെള്ളവും ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കണം.

പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടാന്‍ അനുവദിക്കില്ല. അനാവശ്യമായി പൊതു ഇടങ്ങളിള്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.

കടകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാലും, അനുവദനീയമായത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിലും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com