തലസ്ഥാനത്ത് പൊതു​ഗതാ​ഗതമില്ല; സർവീസുകൾ പുനക്രമീകരിച്ച് കെഎസ്ആർടിസി; ബസ് സർവീസുകൾ ഇങ്ങനെ

പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെന്‍ട്രല്‍, പേരൂര്‍ക്കട, വികാസ് ഭവന്‍, വിഴിഞ്ഞം യൂണിറ്റുകളില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല
തലസ്ഥാനത്ത് പൊതു​ഗതാ​ഗതമില്ല; സർവീസുകൾ പുനക്രമീകരിച്ച് കെഎസ്ആർടിസി; ബസ് സർവീസുകൾ ഇങ്ങനെ

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതു​ഗതാ​ഗതം നിർത്തിയതിനാൽ സർവീസുകൾ പുനക്രമീകരിച്ച് കെഎസ്ആർടിസി. നഗര പരിധിക്കുള്ളില്‍ പൊതു ഗതാഗതം നിര്‍ത്തി വയ്ക്കുന്നതിനാല്‍ പാപ്പനംകോട്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെന്‍ട്രല്‍, പേരൂര്‍ക്കട, വികാസ് ഭവന്‍, വിഴിഞ്ഞം യൂണിറ്റുകളില്‍ നിന്ന് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല.

എം.സി റോഡില്‍ ഓര്‍ഡിനറി സര്‍വീസുകള്‍ മരുതൂര്‍ ജംഗ്ഷന്‍ വരെ സര്‍വ്വീസ് നടത്തുന്നതാണ്. നെടുമങ്ങാട്, വെഞ്ഞാറമ്മൂട് ഡിപ്പോകള്‍ സംയുക്തമായി ഈ റൂട്ടിലുള്ള സര്‍വീസുകള്‍ ആവശ്യാനുസരണം ക്രമീകരിക്കുന്നതാണ്. ആറ്റിങ്ങല്‍ - തിരുവനന്തപുരം റൂട്ടില്‍ കണിയാപുരം വരെ സര്‍വ്വീസുകള്‍ നടത്തും. മലയിന്‍കീഴ് - പേയാട് റൂട്ടില്‍ കുണ്ടമണ്‍കടവ് വരെ സര്‍വ്വീസ് നടത്തുന്നതാണ്. കൂടാതെ കാട്ടാക്കട, വെള്ളറട യൂണിറ്റുകള്‍ ഈ റൂട്ടില്‍ യാത്രക്കാരുടെ ആവശ്യാര്‍ത്ഥം സര്‍വ്വീസുകള്‍ ക്രമീകരിക്കും.

മലയിന്‍കീഴ് - പാപ്പനംകോട് റൂട്ടില്‍ പാമാംകോട് വരെ യാത്രക്കാരുടെ തിരക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ കാട്ടാക്കട യൂണിറ്റില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നതാണ്. തിരുവനന്തപുരം - കളിയിക്കാവിള റൂട്ടില്‍ പ്രാവച്ചമ്പലം ജംഗ്ഷനില്‍ എത്തി വലിയറത്തല റൂട്ടിലൂടെ തിരികെ പോകുന്ന വിധത്തില്‍ സര്‍വ്വീസുകള്‍ ക്രമീകരിക്കുന്നതാണ്. നെയ്യാറ്റിന്‍കര, പാറശ്ശാല യൂണിറ്റുകള്‍ സംയുക്തമായി ഈ റൂട്ടിലെ സര്‍വ്വീസുകള്‍ ക്രമീകരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു.

വിഴിഞ്ഞം - പൂവാര്‍ റൂട്ടില്‍ ചപ്പാത്ത് വരെ മാത്രമേ സര്‍വീസ് ഉണ്ടായിരിക്കുകയുള്ളൂ. പൂവാര്‍ യൂണിറ്റില്‍ നിന്നും ആവശ്യാനുസരണം സര്‍വ്വീസ് നടത്തുന്നതാണ്. പേരൂര്‍ക്കട - നെടുമങ്ങാട് റൂട്ടില്‍ ആറാം കല്ല് ജംഗ്ഷന്‍ വരെ സര്‍വ്വീസ് ക്രമീകരിക്കുന്നതാണ്. നെടുമങ്ങാട് യൂണിറ്റ് ഈ റൂട്ടില്‍ അധികമായി സര്‍വീസുകള്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ച് ഓപ്പറേറ്റ് ചെയ്യുന്നതാണ്. വിദേശരാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്കായി കെഎസ്ആര്‍ടിസി തിരുവനന്തപുരം എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സര്‍വീസുകള്‍ നടത്തും.

കെഎസ്ആര്‍ടിസി റിലേ സര്‍വീസുകള്‍ കൊല്ലത്ത് നിന്നും ആലപ്പുഴ റൂട്ടിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നതാണ്. വടക്കന്‍ മേഖലകളില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകള്‍ നാഷണല്‍ ഹൈവേയില്‍ ആറ്റിങ്ങല്‍ വരെയും എം.സി. റോഡില്‍ വെഞ്ഞാറമൂട് വരിയും സര്‍വീസ് അവസാനിപ്പിച്ച് തിരിച്ചു പോകേണ്ടതാണ്. ചീഫ് ഓഫീസടക്കം നഗര പരിധിയിലെ കെഎസ്ആര്‍ടിസി ഓഫിസുകളും, പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്ഷോപ്പും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കാലത്തു പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ സെക്യൂരിറ്റി, കണ്‍ട്രോള്‍റൂം, അവശ്യ സര്‍വീസുകള്‍ക്കായുള്ള ഡിപ്പോകളിലെ ടിക്കറ്റ് & ക്യാഷ് കൗണ്ടറുകള്‍ എന്നിവയ്ക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com