കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് മുന്‍ കേന്ദ്രമന്ത്രിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ; സ്‌പേസ് പാര്‍ക്ക് പരിപാടിയുടെ മുഖ്യസംഘാടക ; സ്വപ്‌നയുടെ ഉന്നത ബന്ധങ്ങള്‍ പുറത്ത്

യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായാണ് ജോലിയില്‍ പ്രവേശിച്ചത്
കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് മുന്‍ കേന്ദ്രമന്ത്രിയുടെ ശുപാര്‍ശയെ തുടര്‍ന്ന് ; സ്‌പേസ് പാര്‍ക്ക് പരിപാടിയുടെ മുഖ്യസംഘാടക ; സ്വപ്‌നയുടെ ഉന്നത ബന്ധങ്ങള്‍ പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിച്ചത് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഉന്നത നേതാവിന്റെ ശുപാര്‍ശയെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായാണ് ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞവര്‍ഷം ഈ ജോലി വിട്ടു. ക്രമക്കേടുകളെത്തുടര്‍ന്ന് ഇവരെ പുറത്താക്കിതയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിയായ സ്വപ്നയുടെ പിതാവ് സുരേഷ് അബുദാബിയിലെ സുല്‍ത്താന്‍ കുടുംബത്തിലെ പ്രമുഖന്റെ പേഴ്‌സണല്‍ സെക്രട്ടറിമാരിലൊരാളായിരുന്നു. ബിരുദധാരിയായ സ്വപ്ന ഏറെക്കാലം അബുദാബിയിലായിരുന്നു. യുഎഇ യിലെ മലയാളി പ്രമുഖരുമായും സ്വപ്‌നയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്.

അബുദാബിയില്‍ നിന്നും നാട്ടിലെത്തി 2013ല്‍ തിരുവനന്തപുരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിന്റെ കീഴില്‍ എച്ച് ആര്‍ വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് മാനേജരായി. 2015 ല്‍ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസില്‍ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു. സീനിയര്‍ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസില്‍ ഇപ്പോഴും െ്രെകംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ്.

എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗത്തിലെ ഓഫിസര്‍ എല്‍ എസ് ഷിബുവിനെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന െ്രെകംബ്രാഞ്ച് സ്വപ്നയെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ഇത് നിലവിലിരിക്കെയാണ് 2015 ല്‍ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായി ചേര്‍ന്നത്. ഇവിടെ ജോലിചെയ്യവെയാണ് സര്‍ക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കിയത്.

മുടവന്‍മുകളിലെ ഇവരുടെ ഫ്‌ളാറ്റില്‍ അക്കാലത്ത് ട്രാവല്‍ ഏജന്‍സിക്കാര്‍, ബസിനസുകാര്‍ തുടങ്ങിയവരുടെ തിരക്കായിരുന്നു. ഐ ടി സെക്രട്ടറി ശിവശങ്കറും ഇവിടെ നിത്യസന്ദര്‍ശകനായിരുന്നെന്നും ഔദ്യോഗിക കാറില്‍ പതിവായി വരുമായിരുന്നെന്നും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ആഘോഷം അതിരുവിട്ടതോടെ ഫ്‌ളാറ്റില്‍ കൂടുതല്‍ സെക്യൂരിറ്റിക്കാരെ നിയോഗിച്ചു. ഇതിന്റെ പേരില്‍ സ്വപ്നയുടെ രണ്ടാം ഭര്‍ത്താവ് സെക്യൂരിറ്റിക്കാരുമായി സംഘര്‍ഷവുമുണ്ടായി.

2018 ല്‍ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായതിന് പിന്നാലെയാണ് സ്വപ്‌ന ഐ ടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെത്തുന്നത്. ഐ ടി മേഖലയില്‍ മുന്‍പരിചയം ഇല്ലാതിരുന്നിട്ടും ഓപ്പറേഷന്‍സ് മാനേജര്‍ എന്ന സുപ്രധാന തസ്തികയില്‍ നിയമിക്കാന്‍ കാരണം ഉന്നതരുടെ ഇടപെടലാണെന്ന് ആരോപണമുണ്ട്. ഇവിടെയെത്തി മാസങ്ങള്‍ക്കകം സ്‌പേസ് പാര്‍ക്ക് പ്രോജക്ട് മാനേജരായും മാര്‍ക്കറ്റിംഗ് ലെയ്‌സണ്‍ ഓഫീസറായും പ്രവര്‍ത്തിച്ചുതുടങ്ങി.

ഐ ടി രംഗത്തെ കോര്‍പറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സ്‌പേസ് പാര്‍ക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഏറെ രാഷ്ട്രീയ വിവാദമുയര്‍ത്തിയ ഒരു ഇടപാട് സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലും ഉന്നതര്‍ക്കൊപ്പം പങ്കെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com