പഠിച്ചതും വളര്‍ന്നതും അബുദാബിയില്‍, അറബിയിലെയും ഇംഗ്ലീഷിലെയും പ്രാവീണ്യം വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടായി; ആഡംബര ജീവിത ശൈലി

നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്‌നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാല്‍ വളര്‍ന്നതും പഠിച്ചതും അബുദാബിയിലായിരുന്നു
പഠിച്ചതും വളര്‍ന്നതും അബുദാബിയില്‍, അറബിയിലെയും ഇംഗ്ലീഷിലെയും പ്രാവീണ്യം വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടായി; ആഡംബര ജീവിത ശൈലി

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷിന്റെ വളര്‍ച്ച അതിവേഗത്തില്‍. നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്‌നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാല്‍ വളര്‍ന്നതും പഠിച്ചതും അബുദാബിയിലായിരുന്നു. 2010ന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ സ്വപ്‌ന സുരേഷ് ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരിയായാണ് കേരളത്തിലെ തുടക്കം. അറബിയും ഇംഗ്ലീഷും നന്നായി അറിയാവുന്നത് സ്വപ്‌നയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്നെ തലസ്ഥാനത്ത് ഉന്നതതലത്തില്‍  ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതിന്റെ പിന്നാമ്പുറ കഥ തേടുകയാണ് അന്വേഷണ സംഘം.

ബിരുദധാരിയായ സ്വപ്ന 2013 ലാണ് എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലിയില്‍ കയറിയത്. ഇക്കാലത്ത് ആഡംബര ജീവിത ശൈലിയാണ് തുടര്‍ന്നത്.
2016 ല്‍ ക്രൈംബ്രാഞ്ച് കേസിനാസ്പദമായ സംഭവത്തിനു തൊട്ടുപിന്നാലെ അബുദാബിയിലേയ്ക്കു മടങ്ങി. എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗത്തിലെ ഓഫിസര്‍ എല്‍ എസ് ഷിബുവിനെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സ്വപ്നയെ 2 തവണ ചോദ്യം ചെയ്തിരുന്നു.ഷിബുവിനെതിരെ കള്ളപ്പരാതി തയാറാക്കിയതും എയര്‍ ഇന്ത്യ എന്‍ക്വയറി കമ്മിറ്റിക്കു മുന്‍പില്‍ വ്യാജപ്പേരില്‍ പെണ്‍കുട്ടിയെ ഹാജരാക്കിയതും സ്വപ്ന സമ്മതിച്ചിരുന്നു. കേസ് സംബന്ധിച്ച കാര്യം മറച്ചുവെച്ചാണ് ഐടി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അബുദാബിയില്‍ നിന്ന് തിരിച്ചുവന്ന സ്വപ്ന യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞവര്‍ഷം ജോലി വിട്ടു. ക്രമക്കേടുകളെത്തുടര്‍ന്ന് ഇവരെ പുറത്താക്കുകയായിരുന്നുവെന്നും സൂചനയുണ്ട്. 

കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമായി. നഗരത്തില്‍ കോടികള്‍ ചെലവുവരുന്ന വീടിന്റെ നിര്‍മാണം തുടങ്ങിയെന്നും വിവരമുണ്ട്. അറബിക് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന സ്വപ്ന കേരളം സന്ദര്‍ശിച്ച അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും അംഗമായിരുന്നു.യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ സ്വര്‍ണ്ണ കളളക്കട്ടത്തിലെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com