പല കാര്യങ്ങൾക്കും സ്വപ്‌ന സുരേഷ് ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നു ; പ്രതി സരിത്തിന്റെ മൊഴി പുറത്ത്

സ്വപ്‌ന  താമസിച്ചിരുന്ന മുടവൻമുഗളിലെ ഫ്‌ളാറ്റിൽ  ഐടി സെക്രട്ടറി ശിവശങ്കർ അടക്കം വിഐപികൾ നിത്യസന്ദർശകരായിരുന്നു എന്ന്  താമസക്കാർ
പല കാര്യങ്ങൾക്കും സ്വപ്‌ന സുരേഷ് ഐടി സെക്രട്ടറിയുടെ സഹായം തേടിയിരുന്നു ; പ്രതി സരിത്തിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന് ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന് കേസിൽ അറസ്റ്റിലായ പ്രതി സരിത്ത് കസ്റ്റംസിന് മൊഴി നൽകി. സ്വപ്‌ന ഐടി സെക്രട്ടറിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പല കാര്യങ്ങൾക്കും സ്വപ്‌ന ഐടി സെക്രട്ടറി ശിവശങ്കറിന്റെ സഹായം തേടിയിരുന്നതായും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫിസിൽ അടക്കം സ്വപ്നയ്ക്ക് അടുപ്പമുണ്ടായിരുന്നതായും സരിത്ത് കസ്റ്റംസിനോട് പറഞ്ഞു.

സ്വപ്‌ന അഞ്ചുകൊല്ലത്തോളം താമസിച്ചിരുന്ന തിരുവനന്തപുരം മുടവൻമുഗളിലെ ഫ്‌ളാറ്റിൽ  ഐടി സെക്രട്ടറി ശിവശങ്കർ അടക്കം വിഐപികൾ നിത്യസന്ദർശകരായിരുന്നു എന്ന്  ഫ്‌ളാറ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കോൺസുലേറ്റിൽ ജോലിചെയ്യുമ്പോഴാണ് സ്വപ്‌ന സുരേഷ് ഇവിടെ താമസിച്ചിരുന്നതെന്നും ഒരു വർഷം മുൻപാണ് ഇവിടെനിന്ന് താമസം മാറിയതെന്നും ഫ്‌ളാറ്റിലെ താമസക്കാർ പറയുന്നു. ഐടി സെക്രട്ടറി സർക്കാർ കാറിൽ ഫ്‌ളാറ്റിൽ വരാറുണ്ടായിരുന്നെന്നും മദ്യപിച്ച് ശല്യമുണ്ടാക്കിയെന്നും ഇവർ ആരോപിച്ചു.

രാത്രി വൈകി ഐടി സെക്രട്ടറിക്ക് തിരിച്ചുപോകുന്നതിന് ഗെയിറ്റ് തുറന്നുകൊടുക്കാത്തതിന്റെ പേരിൽ സ്വപ്‌നയുടെ രണ്ടാം ഭർത്താവ് സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് കേസുണ്ടായിരുന്നു. പിന്നീട് കേസ് ഒതുക്കിത്തീർക്കുകയായിരുന്നെന്നും താമസക്കാർ പറയുന്നു. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗേജില്‍ സ്വര്‍ണം ഒളിപ്പിച്ച്  30 കിലോ സ്വർണ്ണമാണ് സ്വപ്നയും സംഘവും കടത്തിയത്.   സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികളും അന്വേഷിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com