'വിവാദ വനിതയുമായി ഒരു ബന്ധവുമില്ല'; ശിവശങ്കറിനെ മാറ്റിയത് ആരോപണം ഉയര്‍ന്നതിനാല്‍; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
'വിവാദ വനിതയുമായി ഒരു ബന്ധവുമില്ല'; ശിവശങ്കറിനെ മാറ്റിയത് ആരോപണം ഉയര്‍ന്നതിനാല്‍; സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവുമില്ല. ഇത്തരക്കാരെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുക്കില്ല. ഒരു കുറ്റവാളിയെയും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 

ഉന്നതമായ മൂല്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുലര്‍ത്തിപ്പോരുന്നത്. ശിവശങ്കറിന് എതിരെ ആേേക്ഷപം ഉയര്‍ന്നപ്പോള്‍ തന്നെ സ്ഥാനത്ത് നിന്ന് നീക്കി. നിയമപരമായി ഏതെങ്കിലും ആരോപണം ഉയര്‍ന്നതുകൊണ്ടല്ല മാറ്റിയത്. പൊതുസമൂഹത്തില്‍ ആരോപണ വിധേയയായ വനിതയുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് എതിരെ ആരോപണം ഉയര്‍ന്നുവന്നു. അത്തരൊരു വ്യക്തി ഓഫീസില്‍ ഇരിക്കുന്നത് ശരിയല്ല എന്നതുകൊണ്ടാണ് മാറ്റിയത്. യുഡിഎഫിന് ചിന്തിക്കാന്‍ കഴിയുമോ ഇത്തരമൊരു നിലപാട് എന്നും അദ്ദേഹം ചോദിച്ചു. 

കള്ളക്കടത്ത് എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നത്? ഈ പാര്‍സര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിക്കാണോ വന്നത്. യുഎഇ കോണ്‍സുലേറ്റിലേക്കാണ്. ഇതില്‍  സംഭവിച്ച വീഴ്ച എങ്ങനെയാണ് സംസ്ഥാന സര്‍ക്കാരിന്റേതാകുന്നത്? സംസ്ഥാന സര്‍ക്കാരിന് എങ്ങനെ പ്രത്യേക രീതിയില്‍ മറുപടി പറയാന്‍ സാധിക്കും? വിവാദ വനിതക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഐടി വകുപ്പുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമില്ല. ഐടി വകുപ്പില്‍ നിരവധി പ്രോജക്ടുകള്‍ ഉണ്ട്. മാര്‍ക്കറ്റിങ് ചുമതലയാണ് കരാറടിസ്ഥാനത്തില്‍ വിവാദ വനിതയ്ക്കുണ്ടായിരുന്നത്. 

ജോലിക്കെടുത്തത് ഈ പ്രോജക്ടിന്റെ മാനേജ്‌മെന്റ് നേരിട്ടല്ല. പ്ലെയ്‌സ്‌മെന്റ് ഏജന്‍സി വഴിയാണ്. ഇത്തരം താത്കാലിക നിയമനങ്ങള്‍ അസ്വാഭാവികമല്ല. ഇവരുടെ ഇപ്പോഴത്തെ ചരിത്രമല്ല, അതിന് മുന്നിലത്തെ ചരിത്രം നോക്കുമ്പോള്‍  പ്രവര്‍ത്തന പരിചയം നോക്കിയിട്ടുണ്ടാകും. അതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒരു പങ്കും വരുന്നില്ല. യുഎഇ കോണ്‍സുലേറ്റിന്റെ ചുമതലയുണ്ടായി, എയര്‍ ഇന്ത്യ സാറ്റിലും ജോലി ചെയ്തു. ഇവയൊന്നും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടുന്നവയല്ല. ഈ സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് നിയമനം ലഭിക്കുന്നതില്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല.- അദ്ദേഹം പറഞ്ഞു.

ഈ വനിതയുമായി ബന്ധപ്പെട്ട് കേരള ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ആ കേസില്‍ ഇവരെ പ്രതിചേര്‍ക്കാം എന്നാണ് പറഞ്ഞിട്ടുള്ളത്. സര്‍ക്കാര്‍ എന്തെങ്കിലും താത്പര്യം ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചു എന്ന് പറയാന്‍ പറ്റുമോ? നിഷ്പക്ഷമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. 

സര്‍ക്കാരിന് എതിരെ പൊതു സമൂഹത്തില്‍ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നു. ഇതൊന്നും ആദ്യമായല്ലാത്തതിനാല്‍ വേവലാതിയില്ല. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന്  ആരും വിളിച്ചില്ല എന്ന് പറഞ്ഞത് കസ്റ്റംസ് തന്നെയാണ്. അതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കെട്ടുകഥയും പൊളിഞ്ഞില്ലേ? നുണക്കഥകള്‍ക്ക് ചെറിയ ആയുസേ ഉണ്ടാവുള്ളു. അതാണ് ഇക്കാര്യത്തിലും സംഭവിച്ചത്. 

തെരഞ്ഞെടുപ്പിന്റെ മാസങ്ങള്‍ അടുത്തുവരുന്നു. ഏതെങ്കിലും തരത്തില്‍ പുകമറ പരത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്ന് കരുതിയാല്‍ അതൊന്നും നടക്കില്ല. ഉപ്പുതിന്നവര്‍ ആരാണോ വെള്ളം കുടിക്കട്ടേ. 

ഈ വനിതയുടെ ചിത്രം മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു. ഇത് പ്രചരിപ്പിച്ച പ്രതിപക്ഷ നേതാവിനും  ബിജെപി അധ്യക്ഷനും എന്താണ് കരുതിയത്, നിങ്ങളുടെ പോലുള്ള മാനസ്സികാവസ്ഥയാണെന്ന് കരുതിയോ?

ചിലര്‍ വിഷയം സോളാറിനോട് താരതമ്യപ്പെടുത്താനാണ് ശ്രമിക്കുന്നത, ദുര്‍ഗന്ധം വമിക്കുന്ന ചെളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരും അങ്ങനെയാകണം എന്ന് ആഗ്രഹം കാണും. തത്ക്കാലം അത് സാധിച്ചുതരാന്‍ കഴിയില്ല. കാരണം ഞങ്ങള്‍ അത്തരം കളരിയിലല്ല കളിച്ച് വന്നത്. കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണമായാലും സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് പൂര്‍ണ സമ്മതമാണ്- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com