ശിവശങ്കർ ദീർഘകാല അവധിയിലേക്ക് ; ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകി

ശിവശങ്കറിന് പകരം മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല മുൻ കണ്ണൂർ കളക്ടർ മീര്‍ മുഹമ്മദിന് നല്‍കി
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം : സ്വർണ്ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന് ആക്ഷേപം ഉയർന്ന ഐടി സെക്രട്ടറി എം ശിവശങ്കർ അവധിയിൽ പോകുന്നതായി സൂചന. രണ്ടു മാസത്തെ അവധിക്കാണ് ശിവശങ്കർ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. മുഖ്യമന്ത്രിയുടെ കർശന നിർദേശത്തെ തുടർന്നാണ് ശിവശങ്കർ നിർബന്ധിത അവധിക്ക് അപേക്ഷ നൽകിയതെന്നാണ് വിവരം.

ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റാൻ പിണറായി വിജയൻ തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് ശിവശങ്കർ അവധിക്ക് അപേക്ഷ നൽകിയത്. അപേക്ഷയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. അപേക്ഷ ചീഫ് സെക്രട്ടറി ഉടൻ തന്നെ മുഖ്യമന്ത്രിക്ക് കൈമാറുമെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാവണം ആക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ നീക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ശിവശങ്കറിന് പകരം മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല മുൻ കണ്ണൂർ കളക്ടർ മീര്‍ മുഹമ്മദിന് നല്‍കി. 2011  ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ മിർ മുഹമ്മദ് 2016 മുതൽ കണ്ണൂർ കളക്ടറായിരുന്നു. നിലവിൽ ശുചിത്വ മിഷൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com