സ്വര്‍ണ്ണക്കടത്തുകേസ് സിബിഐക്ക് വിടണം ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല, പ്രധാനമന്ത്രിക്ക് കത്തെഴുതി

അന്താരാഷ്ട്ര ബന്ധമുള്ള കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ് എന്നും ചെന്നിത്തല ആരോപിച്ചു
സ്വര്‍ണ്ണക്കടത്തുകേസ് സിബിഐക്ക് വിടണം ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രമേശ് ചെന്നിത്തല, പ്രധാനമന്ത്രിക്ക് കത്തെഴുതി


തിരുവനന്തപുരം : സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്തുകേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം സിബിഐക്ക് വിട്ടുകൊടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ കേസ് സിബിഐക്ക് വിട്ടുനല്‍കാന്‍ തയ്യാറാകണം. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യാന്തര ബന്ധമുള്ള കേസാണിത്. കോണ്‍സുലേറ്റുമായി ബന്ധമുള്ള, നയതന്ത്രതലത്തില്‍ കൂടി ബന്ധപ്പെട്ട വിഷയമാണിത്. അതിനാല്‍ സിബിഐ അന്വേഷണമാണ് വേണ്ടത് എന്നും പ്രധാനമന്ത്രിയെ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു. ഈ കേസിലെ ഇടപാടുകളും ഉന്നത ബന്ധങ്ങളും ദുരൂഹമാണ്. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യം വെളിച്ചത്തുവരില്ല. അന്താരാഷ്ട്ര ബന്ധമുള്ള കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണ് എന്നും ചെന്നിത്തല ആരോപിച്ചു.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറി പദവിയില്‍ നിന്നും മാറ്റിയത് തൊലിപ്പുറത്തെ ചികില്‍സ മാത്രമാണ്. മുഖ്യമന്ത്രിയിലേക്ക് കാര്യങ്ങളെത്തും എന്നതുകൊണ്ടാണ് ശിവശങ്കറിനെതിരെ ഇപ്പോള്‍ നടപടി എടുത്തത്. അല്ലെങ്കില്‍ ബെവ്‌കോ അഴിമതി, സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി പദ്ധതികളില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ ശിവശങ്കറിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇപ്പോള്‍ സ്വന്തം മുഖം സംരക്ഷിക്കാന്‍ ബലിയാടുകളെ തേടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഐടി സെക്രട്ടറി പദവി ശിവശങ്കര്‍ ദുരുപയോഗം ചെയ്‌തെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. തന്റെ കീഴിലെ ഉദ്യോഗസ്ഥന്‍
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുമ്പോള്‍ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണ്. തൊലിപുറത്തെ ചികില്‍സ കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗുരുതരമായ അഴിമതിയും തീവെട്ടിക്കൊള്ളയും നടക്കുകയാണ്. ഇതുപുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ മുഖ്യമന്ത്രി പരിഹസിക്കുകയാണ് ചെയ്യുന്നത്.

സ്വര്‍ണ്ണക്കടത്തുപ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നകാര്യമാണ് പുറത്തുവന്നത്. ഇത്തരം അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എങ്ങനെ വന്നു. വന്‍ അഴിമതിയും കൊള്ളയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടക്കുന്നത്. ശിവശങ്കറിന്റെ സ്വഭാവസവിശേഷതകളും പുറത്തുവരികയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് ഇത്തരം കാര്യങ്ങള്‍ അടക്കമുള്ള പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചില്ലേ. ഈ റിപ്പോര്‍ട്ട് അവഗണിക്കുകയാണ് ചെയ്തതെങ്കില്‍ ഗൗരവമായ കുറ്റമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com