കൊച്ചിയില്‍ നിയന്ത്രണം കടുപ്പിച്ചു ; രോഗവ്യാപനം കൂടിയ മേഖലകള്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, പൂര്‍ണമായി അടച്ചിടും

സാമൂഹിക വ്യാപനം തടയാന്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം
കൊച്ചിയില്‍ നിയന്ത്രണം കടുപ്പിച്ചു ; രോഗവ്യാപനം കൂടിയ മേഖലകള്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണ്‍, പൂര്‍ണമായി അടച്ചിടും

കൊച്ചി : കോവിഡ് രോഗികളുടെ എണ്ണം എറണാകുളം ജില്ലയില്‍ വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ തീരുമാനം. രോഗവ്യാപനം കൂടിയ മേഖലകള്‍ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കും. ഇവിടം പൂര്‍ണമായും അടച്ചിടും.

ഈ മേഖലകളില്‍ ഒരു ഇളവും നല്‍കില്ല. ഇവിടെ സാമൂഹിക വ്യാപനം തടയാന്‍ എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് അധികൃതരുടെ തീരുമാനം. ജില്ലയില്‍ ടെസ്റ്റിങ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂള്‍ ടെസ്റ്റിങ് ഊര്‍ജിതമാക്കി. കണ്‍വെന്‍ഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് വഴിയും ട്രൂ നാറ്റ് ടെസ്റ്റിങ് മുഖേനയും നടത്തപ്പെടുന്ന പരിശോധനകളിലും പൂള്‍ ടെസ്റ്റിങ് ഊര്‍ജിതമാക്കിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതിനിടെ എറണാകുളം ജനറല്‍ ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടച്ചു. മെഡിക്കല്‍, കാര്‍ഡിയോളജി വിഭാഗങ്ങളാണ് അടച്ചത്. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.

എറണാകുളം ജില്ലയില്‍ ഇന്നലെ 21 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ സമ്പര്‍ക്കം വഴിയാണ് രോഗബാധിതരായത്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ള ആകെ രോഗികളുടെ എണ്ണം 213 ആയി ഉയര്‍ന്നു. മുളവുകാട് വാര്‍ഡ് 3, കീഴ്മാട് വാര്‍ഡ് 4, ആലങ്ങാട് വാര്‍ഡ്-7, ചൂര്‍ണിക്കര വാര്‍ഡ് 7, ചെല്ലാനം വാര്‍ഡ് 17 എന്നിവയാണ് ഇന്നലെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com