പിണറായി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല

കഴിഞ്ഞ നാലര വര്‍ഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് പുറത്താക്കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ നാലര വര്‍ഷക്കാലം കേരളത്തിന്റെ പൊതുസ്വത്ത് കൊള്ളയടിച്ച് നാടിനെ മുടിച്ച ഒരു മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയാണ് പുറത്താക്കിയിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് ഈ ഉദ്യോഗസ്ഥനുമായുള്ള ഏറ്റവും അടുത്ത ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു എന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വപ്‌ന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥയല്ല, ഐടി വകുപ്പ് ഉദ്യോഗസ്ഥയല്ല എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. അവര്‍ ഐടി വകുപ്പ് ജീവനക്കാരിയല്ല. പകരം മുഖ്യമന്ത്രിയുടെ തന്നെ വകുപ്പായ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലാണ് സ്വപ്‌ന ജോലി ചെയ്യുന്നത്.

ജനുവരി 31, ഫെബ്രുവരി ഒന്ന് തീയതികളില്‍ തിരുവനന്തപുരത്ത് റാവീസ് ലീല ഹോട്ടലില്‍ നടന്ന എഡ്ജ് 2020 സ്‌പേസ് കോണ്‍ക്ലേവിന്റെ മുഖ്യസംഘാടക സ്വപ്‌നയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വപ്‌നയാണ് ക്ഷണക്കത്ത് അയച്ചത്. ഫെബ്രുവരി ഒന്നിന് വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുത്ത നാലുമണി മുതല്‍ നടന്ന പരിപാടിയില്‍ ഇവരും ഉണ്ടായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ക്ലേവില്‍ ക്ഷണക്കത്ത് അയച്ചത് സ്വപ്‌നയായിരുന്നു. മുഖ്യനടത്തിപ്പ് നിര്‍വഹിച്ചതും ധാരണാപത്രം കൈമാറിയതും സ്വപ്‌നയായിരുന്നു.

കേരള മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിന് കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സ്‌പേസ് പാര്‍ക്കില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടി നടക്കുന്നത്. ഇതിന്റെ മുഖ്യസംഘാടകയായ ഈ വ്യക്തിയെ അറിയില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുമോ എന്നും ചെന്നിത്തല ചോദിച്ചു.

രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായി ഇത് മാറുകയാണ്. അതിനെ നിസാരമായി കാണാനാകില്ല. രാജ്യാന്തര ബന്ധമുള്ള ഒരു കള്ളക്കടത്ത് കേസ് എന്ന നിലയില്‍ മാത്രമല്ല, സ്‌പേസുമായി ബന്ധപ്പെട്ട, ഐ.എസ്.ആര്‍.ഒ., വി.എസ്.എസ്.സി.യുമായി ഒക്കെ ബന്ധപ്പെട്ട ഒരു കോണ്‍ക്ലേവിന് നേതൃത്വം കൊടുക്കാന്‍ സ്വപ്നയെ ആരാണ് ചുമതലപ്പെടുത്തിയതെന്നും ചെന്നിത്തല ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com