സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കാസര്‍കോട് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കര്‍ണാടകയില്‍ വെച്ചാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കാസര്‍കോട് മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നിലെ ബി എം അബ്ദുള്‍ റഹ്മാന്‍ മരിച്ചത് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. കര്‍ണാടക ഹുബ്ലിയില്‍ നിന്നും പനി ബാധിച്ച് എത്തിയ ഇയാള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ട്രൂനാറ്റ് ഫലം പോസിറ്റീവായിരുന്നു.

തുടര്‍ന്ന് വീണ്ടും പരിശോധനയ്ക്ക് അയക്കുകയായിരുന്നു. മരണാനന്തരം നടത്തിയ പിസിആര്‍ ടെസ്റ്റും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. കര്‍ണാടകയിലെ സുള്ള്യയിലെ വ്യാപാരിയാണ് ഇദ്ദേഹം. അസുഖബാധിതനായതിനെ തുടര്‍ന്നാണ് ഇദ്ദേഹം ആംബുലന്‍സ് വഴി അതിര്‍ത്തിയായ തലപ്പാടിയിലെത്തിയത. അവിടെ നിന്നും ടാക്‌സിയില്‍ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു.

കാസര്‍കോട്ടെ ആദ്യ കോവിഡ് മരണം കൂടിയാണിത്. ഇദ്ദേഹത്തിന് കര്‍ണാടകയില്‍ വെച്ചാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ എത്തിയവരോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നും നേരെ ആശുപത്രിയിലേക്ക് എത്തിയതിനാല്‍ നാട്ടില്‍ കൂടുതല്‍ സമ്പര്‍ക്കം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍.

അബ്ദുള്‍ റഹ്മാനെ പരിശോധിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നാല് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. ആശുപത്രിയിലെ അത്യാഹിത വിഭാഗം അണുവിമുക്തമാക്കി. ഇയാളുടെ ബന്ധുക്കളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com