എംഎൽഎ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് മാസ്ക് പോലുമില്ലാതെ പ്രതിഷേധം; യൂത്ത് കോൺ​ഗ്രസുകാർക്കെതിരെ അതേ കുറ്റത്തിന് കേസ്

കണ്ടെയ്ൻമെന്റ് സോണിലെ താമസക്കാരനായ ആൻസലൻ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതു പരിപാടികളിൽ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് പ്രതിഷേധക്കാർ എത്തിയത്
എംഎൽഎ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് മാസ്ക് പോലുമില്ലാതെ പ്രതിഷേധം; യൂത്ത് കോൺ​ഗ്രസുകാർക്കെതിരെ അതേ കുറ്റത്തിന് കേസ്

തിരുവനന്തപുരം; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ച് നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലനെതിരെ പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ അതേ കുറ്റത്തിന് കേസ്. കണ്ടെയ്ൻമെന്റ് സോണിലെ താമസക്കാരനായ ആൻസലൻ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പൊതു പരിപാടികളിൽ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് പ്രതിഷേധക്കാർ എത്തിയത്. എന്നാൽ അവർ എന്തിനെതിരെ പ്രതിഷേധിച്ചാണോ മാർച്ച് നടത്തിയത് അതേ കുറ്റത്തിന് തന്നെയാണ് കേസെടുത്തിരിക്കുന്നത്.

ആൻസലൻ എംഎൽഎയുടെ വീട്ടിലേക്ക് ഇന്നലെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. വഴിയിൽ തടഞ്ഞ പൊലീസ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പേരിൽ മാർച്ചിൽ പങ്കെടുത്ത നേതാക്കളിൽ ചിലർക്ക് എതിരെ കേസെടുത്തു. മാസ്ക് പോലും ധരിക്കാതെയായിരുന്നു നേതാക്കളുടെ പ്രതിഷേധം. മാസ്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും നഗരത്തിൽ മാർച്ചും, പ്രകടനങ്ങളും നിരോധിച്ചിരിക്കെ മാർച്ച് നടത്തിയതിനുമാണ് കേസെന്ന് പൊലീസ് പറഞ്ഞു.

കണ്ടെയ്ൻമെന്റ് സോണിലെ രോഗിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അറിഞ്ഞ ശേഷമാണ് ചില അത്യാവശ്യ പരിപാടികളിൽ പങ്കെടുക്കാൻ പുറത്തു പോയതെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നെന്നും തനിക്കെതിരെയുള്ള പ്രചാരണം ശരിയല്ലെന്നും കെ.ആൻസലൻ എംഎൽഎ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com