എറണാകുളത്ത് കടുത്ത നിയന്ത്രണം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം; ഫോര്‍ട്ട് കൊച്ചി മാര്‍ക്കറ്റ് അടയ്ക്കും

സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു
എറണാകുളത്ത് കടുത്ത നിയന്ത്രണം, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കടകള്‍ ഉച്ചയ്ക്ക് ഒരു മണിവരെ മാത്രം; ഫോര്‍ട്ട് കൊച്ചി മാര്‍ക്കറ്റ് അടയ്ക്കും

കൊച്ചി: സമ്പര്‍ക്കത്തിലൂടെയുളള രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. സമ്പര്‍ക്ക രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കൊച്ചി കാളമുക്ക്, ഫോര്‍ട്ട് കൊച്ചി മാര്‍ക്കറ്റുകള്‍ അടയ്ക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളുടെ പ്രവര്‍ത്തനസമയം ചുരുക്കി. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ മാത്രമേ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലുവയില്‍ സമ്പര്‍ക്ക വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ 13 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാണ്. ഇതിന് പുറമേ 8,21 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കോവിഡ് ലക്ഷണമുളളവര്‍ക്ക് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കുളള സൗകര്യം ഒരുക്കുമെന്നും വി എസ് സുനില്‍കുമാര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ സാമൂഹിക വ്യാപനമില്ല. എങ്കിലും ജാഗ്രത തുടരണം. സാമൂഹിക വ്യാപനം സംഭവിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളാണ് മുന്‍കരുതലിന്റെ ഭാഗമായി ഇപ്പോള്‍ കൈക്കൊളളുന്നതെന്നും മന്ത്രി പറഞ്ഞു.

ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൊച്ചി കടുത്ത ആശങ്കയിലായിരുന്നു. ജില്ലയില്‍ ഉറവിടം അറിയാത്ത ഏഴു കേസുകളാണ് ഉളളത്. ഈ കേസുകളുടെ ഉറവിടം കണ്ടെത്താനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. എല്ലാ കേസുകളുടെയും ഉറവിടം വൈകാതെ തന്നെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കോവിഡ് രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച മുളവുകാട് റോഡ് ഭാഗികമായി അടച്ചു. ബ്രോഡ്‌വെയിലെ കടയില്‍ ജോലി ചെയ്തിരുന്ന കടയിലെ യുവതിക്ക് പിന്നാലെ അവരുടെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ യുവതി സഞ്ചരിച്ച ബസിലെ തൊഴിലാളികള്‍, യാത്രക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ 100 ഓളം പേര്‍ നിരീക്ഷണത്തിലാണ്.

കോവിഡ് സമ്പര്‍ക്കരോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായി അടച്ചു. വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ വരാപ്പുഴ, ചമ്പക്കര മീന്‍ മാര്‍ക്കറ്റുകള്‍, ആലുവ മാര്‍ക്കറ്റ് എന്നിവ അടച്ചിട്ടിരിക്കുകയാണ്. എറണാകുളം മാര്‍ക്കറ്റും ഉടന്‍ തുറക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com