കൊച്ചിയിലും തിരുവനന്തപുരത്തിന് സമാനമായ സാഹചര്യം; നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

കൊച്ചിയിൽ എപ്പോൾ വേണമെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി
കൊച്ചിയിലും തിരുവനന്തപുരത്തിന് സമാനമായ സാഹചര്യം; നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ എപ്പോൾ വേണമെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മത്സ്യ മാർക്കറ്റിൽ ഉണ്ടായ രോഗ വ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ലോക്ഡൗണിലേക്ക് നയിച്ചു. ട്രിപ്പിൾ ലോക്ഡൗണിലേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ആര്യനാടും സമാനമായ സാഹചര്യം നേരിടുന്നു. ഇത് തലസ്ഥാനത്ത് മാത്രമുള്ളതാണല്ലോ എന്നു കരുതി മറ്റു പ്രദേശങ്ങൾ ആശ്വാസം കൊള്ളേണ്ടതില്ല. കാരണം ചിലയിടത്തൊക്കെ ഇത്തരം പ്രതിഭാസങ്ങൾ കാണുന്നുണ്ട്. കൊച്ചിയിലും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. എപ്പോൾ വേണമെങ്കിലും നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ട സാഹചര്യമാണ്.

ഇത് സംസ്ഥാനത്തിനാകെ ബാധകമാണ്, നാം ആരെങ്കിലും അതിൽനിന്ന് ഒഴിഞ്ഞു നിൽക്കുകയാണെന്ന തോന്നല്‍ വേണ്ട. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ സമൂഹത്തെ മൊത്തം കണക്കിലെടുത്താണ്. ഇത് സമൂഹത്തിന്റെ രക്ഷയ്ക്കു വേണ്ടിയാണ്. നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. പാലിച്ചില്ലെങ്കിൽ സമ്പർക്ക വ്യാപനത്തിലേക്കും സൂപ്പർ സ്പ്രെഡിലേക്കും സമൂഹ വ്യാപനത്തിലേക്കും എത്തിയെന്നു വരും. ഇതിനൊന്നും അധികം സമയം വേണ്ട എന്നതാണു നമ്മുടെ അനുഭവം. നിയന്ത്രണം പാലിക്കൽ പ്രധാനമാണ് അതിൽ സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കാനാകണം.

ഇപ്പോൾ രോഗം ബാധിച്ച പലരുടെയും സമ്പർക്ക പട്ടിക വിപുലമാണ്. അത്തരം സാഹചര്യം ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. ഒരു വലിയ ആൾക്കൂട്ടം എത്തിപ്പെടുന്ന ഏതു സ്ഥലവും അവിടെ ഒരാളോ, രണ്ടാളോ രോഗിയാണെങ്കിൽ അത് എല്ലാവരെയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണ്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ നാം പുറത്തിറങ്ങാവൂ. എവിടെയും ആൾക്കൂട്ടം ഉണ്ടാകരുത്. ഇതിന് നാം നല്ല ഊന്നൽ കൊടുക്കണം. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിലും ആളുകളിലും രോഗബാധയുണ്ടായി എന്നുവരാം. മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്ത കാര്യം നോക്കിയാല്‍ ചില പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവർക്കു പിന്നീടു രോഗബാധ ഉണ്ടായതായി കണ്ടിട്ടുണ്ട്.

അതിന്റെ ഭാഗമായി സമ്പ‍ർക്ക പട്ടിയ തയാറാക്കുന്നവർ വല്ലാതെ പാടുപെടുകയാണ്. കാരണം തനിക്ക് രോഗം ബാധിക്കില്ല എന്ന ചിന്തയോടെ അദ്ദേഹം പലയിടങ്ങളിലാണു കറങ്ങിയത്. അദ്ദേഹവുമായി ബന്ധപ്പെട്ടവർ, അദ്ദേഹത്തിന്റെ അടുത്തു പെരുമാറിയവർ അവരൊന്നും രോഗത്തിന്റെ ശങ്ക ഉള്ളവരായിരുന്നില്ല. അവർ മറ്റുള്ളവരുമായി ബന്ധപ്പെടും. ഇങ്ങനെ ഇതൊരു വ്യാപനത്തിലേക്കു നീങ്ങുന്ന സ്ഥിതി വരും. അതുകൊണ്ടാണ് ആൾക്കൂട്ടം ഒഴിവാക്കണമെന്ന് പറയുന്നത്. ആൾക്കൂട്ടത്തോട് എന്തെങ്കിലും വിപ്രതിപത്തി ഉണ്ടായതുകൊണ്ടല്ല, ഇന്നത്തെ സാഹചര്യം അതാണ്.

ഈ സാഹചര്യം മനസ്സിലാക്കാനുള്ള വിവേകം നാമെല്ലാം പ്രകടിപ്പിക്കുകയാണു വേണ്ടത്. അത് നാടിന്റെ രക്ഷയ്ക്കും സമൂഹത്തിൽ രോഗം വ്യാപിക്കാതിരിക്കാനും സ്വീകരിക്കേണ്ട കാര്യമാണ്. ഇന്നത്തെ സ്ഥിതിയുടെ ഗൗരവം ഉൾക്കൊള്ളണം. അതിനു സാധിച്ചില്ലെങ്കിൽ ഇതുവരെയുള്ള ക്രമീകരണങ്ങളെല്ലാം അസ്ഥാനത്താകും. ഇതിൽ മുന്നറിയിപ്പുകൾക്കു പകരം കടുത്ത നടപടികളിലേക്കു സ്വാഭാവികമായി നീങ്ങാൻ അങ്ങനെയൊരു സാഹചര്യത്തിൽ നിർബന്ധിക്കപ്പെടും– മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com