ദൃശ്യങ്ങള്‍ തേടി കസ്റ്റംസ്, പൊലീസിനു കത്ത്; നല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശം

ദൃശ്യങ്ങള്‍ നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹറ സിറ്റി പൊലീസ് കമ്മിഷണറോടു നിര്‍ദേശിച്ചു
ദൃശ്യങ്ങള്‍ തേടി കസ്റ്റംസ്, പൊലീസിനു കത്ത്; നല്‍കാന്‍ ഡിജിപിയുടെ നിര്‍ദേശം

കൊച്ചി: സ്വര്‍ണക്കടത്തു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട്, തിരുവനന്തപുരം വിമാനത്താവള പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് സംസ്ഥാന പൊലീസ് മേധാവിക്കു കത്തു നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദൃശ്യങ്ങള്‍ നല്‍കാന്‍ ഡിജിപി ലോക്‌നാഥ് ബെഹറ സിറ്റി പൊലീസ് കമ്മിഷണറോടു നിര്‍ദേശിച്ചു.

സ്വര്‍ണക്കടത്തു കേസില്‍ ഇതുവരെ കസ്റ്റംസ് പൊലീസിന്റെ സഹായം തേടിയിട്ടില്ല. കേസില്‍ കസ്റ്റംസ് തേടുന്ന സ്വപ്‌ന സുരേഷിന് സംസ്ഥാന പൊലീസിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വപ്‌നയെയും കൂട്ടുപ്രതിയെന്നു കരുതുന്ന സന്ദീപിനെയും കണ്ടെത്താന്‍ കസ്റ്റംസ് തിരച്ചില്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
സന്ദീപിന് വേണ്ടി കൊച്ചിയില്‍ വ്യാപക റെയ്ഡുകള്‍ നടത്തിയതായാണ് സൂചന. തിരുവനന്തപുരത്ത് പഞ്ചനക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി. ഇവര്‍ക്ക് സഹായം നല്‍കുന്നതിനു പിന്നില്‍ രാഷ്ട്രീയനേതാക്കളുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

കോഴിക്കോട്ടെ വസ്ത്രവ്യാപാരിയും സന്ദീപിന്റെ അടുത്ത സുഹൃത്താണ്. ഇയാളുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ് നടത്തി.

സ്വപ്നയ്ക്ക് രണ്ട് ഐപിഎസ് ഉന്നതരുമായും വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനുമായും അടുത്ത ബന്ധം ഉള്ളതായി കസ്റ്റംസ് സ്ഥിരീകരിച്ചു. കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണില്‍ സ്വപ്ന സംസാരിച്ചിട്ടുണ്ട്. തുടര്‍ന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത സ്വപ്ന കടന്നുകളഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com