മാർച്ച് 26ന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 66 കുട്ടികൾ; 'ചിരി' കൗൺസിലിങുമായി സർക്കാർ

മാർച്ച് 26ന് ശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 66 കുട്ടികൾ; 'ചിരി' കൗൺസിലിങുമായി സർക്കാർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കോവിഡ് കാലത്ത് കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സംഭവം കേരളത്തിൽ വർധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. അതീവ ​ഗുരുതരമായ സാമൂഹിക പ്രശ്നമായി ആത്മഹത്യാ പ്രവണത മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആത്മഹത്യകളാണ് ഉണ്ടായത്. മാർച്ച് 25 മുതലുള്ള കണക്കെടുത്തപ്പോൾ 18 വയസിന് താഴെയുള്ള 66 കുട്ടികളാണ് പലകാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്തത്. ഇന്നും അത്തരമൊരു വാർത്തയുണ്ട്.

മാതാപിതാക്കളും കുട്ടിയുടെ അടുത്ത ബന്ധുക്കളുമൊക്കെയുള്ളവരുടെ ഇടപെടലുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. മാനസിക നില കൂടി പരി​ഗണിച്ചാവണം വീട്ടിലെ കുട്ടിയോടുള്ള ഇടപെടലുകൾ. ​ഗെയിം കളിക്കാൻ അനുവദിച്ചില്ല, ഓൺലൈൻ ക്ലാസിലിരുന്നില്ല, മൊബൈലിൽ അശ്ലീല ചിത്രം കണ്ടതിന് വഴക്കു പറഞ്ഞു കാര്യങ്ങൾ നമുക്ക് ചെറിയ കാര്യങ്ങളായിട്ടാകും തോന്നുക.

ഈ പറഞ്ഞ വിഷയങ്ങളിൽ കുട്ടിയെ തിരുത്തിക്കേണ്ട ഘടകങ്ങൾ ഉണ്ട്. എന്നാൽ അങ്ങനെ തിരുത്തുമ്പോൾ കുട്ടിയുടെ മനസിലെ വല്ലാതെ മുറിവേൽപ്പിക്കുന്ന തരത്തിലാകേണ്ടതില്ല. അവരുടെ മാനസികാവസ്ഥ ഉൾക്കൊണ്ടായിരിക്കണം തിരുത്തേണ്ടത്. താളംതെറ്റിയ കുടുംബ ജീവിതം കാരണം കുട്ടി ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇക്കാര്യം പൊതുവിൽ ശ്രദ്ധിക്കേണ്ട വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചതോടെ കുട്ടികൾക്ക് കൂട്ടുകാർക്കൊപ്പം കളിക്കാൻ കഴിയുന്നില്ല. ഇതും അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ട്. കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണം. കുട്ടികളും കൗമാരക്കാരും വളർച്ചയുടെ ഘട്ടത്തിലാണ്. മുതിർന്നവരോട് പെരുമാറും പോലും അവരോട് കാണിക്കരുത്. സ്നഹപൂർവമായി പെരുമാറുക. സന്തോഷവും സമാധാനവുമായ കുടുംബം സൃഷ്ടിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

കുട്ടികളിലെ ആത്മഹ​ത്യാ പ്രവണത സംബന്ധിച്ച് പഠനം നടത്താൻ ഫയർ ആൻഡ് റെസ്ക്യു മേധാവി ആർ ശ്രീലേഖയുടെ നേതൃത്വത്തിൽ ഒരു സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. അതിന് പുറമെ മാനസിക സംഘർഷം അനുവഭവിക്കുന്ന കുട്ടികൾക്ക് ആശ്വാസം പകരാനായി ചിരി എന്നൊരു പദ്ധതി ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥി പൊലീസ് കേഡറ്റുകൾ മുഖേന ഫോൺ വഴി കൗൺസിലിങ് നൽകുന്നതാണ് ഈ പദ്ധതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com