സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത് കെ സി വേണുഗോപാല്‍ മന്ത്രിയായിരിക്കെ ;  സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന് ബി ഗോപാലകൃഷ്ണന്‍

ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് ആണെങ്കില്‍ രണ്ടാംപ്രതി കോണ്‍ഗ്രസ് ഓഫീസാണ്
സ്വപ്‌നയ്ക്ക് ജോലി ലഭിച്ചത് കെ സി വേണുഗോപാല്‍ മന്ത്രിയായിരിക്കെ ;  സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന് ബി ഗോപാലകൃഷ്ണന്‍

കൊച്ചി : സ്വപ്‌ന സുരേഷിന്റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുമുണ്ടെന്ന് ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. സ്വപ്‌നയ്ക്ക് സഹായം നല്‍കിയതിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് ഈ വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ രമ്യമായ പരിഹാരം ഉണ്ടാക്കാന്‍ ഇടയുണ്ട്. രണ്ടുപേരുടെയും അന്തര്‍ധാര സജീവമാണ്. സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചതിന് പിന്നിലെ കരങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും ഗോപാലകൃഷ്ണന്‍ ആരോപിച്ചു.

ഈ വിഷയത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥത ഉണ്ടാകില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഒന്നാം പ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് ആണെങ്കില്‍ രണ്ടാംപ്രതി കോണ്‍ഗ്രസ് ഓഫീസാണ്. യുഎഇ കോണ്‍സുലേറ്റിലേക്ക് സ്വപ്നയെ റെക്കമെന്റ് ചെയ്തത് ഉന്നത കോണ്‍ഗ്രസ് നേതാവാണ്. കോണ്‍സുലേറ്റില്‍ ഇവര്‍ ജോലിക്ക് കയറിയത് 2016 ഒക്ടോബറിലാണ്. എന്നാല്‍ ശുപാര്‍ശ ചെയ്തത് ജനുവരിയിലാണ്. 2012 മുതല്‍ 2014 വരെ സിവില്‍ ഏവിയേഷന്‍ മന്ത്രിയായിരുന്ന, പ്രത്യേകിച്ച് ദക്ഷിണേന്ത്യയുടെ ചുമതലയുണ്ടായിരുന്ന കെ സി വേണുഗോപാല്‍ നാലു സ്വപ്‌ന സുന്ദരികളെ ഏവിയേഷന്‍ വകുപ്പില്‍ കയറ്റിയിട്ടുണ്ട്.  

2012 മുതല്‍ 2014 വരെ സിവില്‍ ഏവിയേഷന്‍ മന്ത്രിയായിരുന്ന കെസി വേണുഗോപാല്‍ നടത്തിയ ഇടപെടലുകള്‍, എയര്‍ ഇന്ത്യ അപ്പോയിന്‍ര് മെന്റുകള്‍ പുനഃപരിശോധിക്കേണ്ടതാണ്. വേണ്ടത്ര യോഗ്യതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എന്‍ഡിഎ സര്‍ക്കാര്‍ ഈ സ്വപ്‌ന സുന്ദരികളെയും സ്വപ്‌ന സുരേഷിനെയും പുറത്താക്കിയത്. സ്വര്‍ണകള്ളക്കടത്തിന്‍രെ കരങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയുണ്ട്. കോണ്‍ഗ്രസിന്‍രെ കൈപ്പത്തി സ്വപ്‌നസുന്ദരികളെ മാറോടണച്ചതിന്റെ കൈപ്പത്തി കൂടിയാണ്. അതുകൊണ്ട് കെ സി വേണുഗോപാലിന്‍രെ ഇടപെടലുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നതായി ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
 
മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയശേഷം, ശിവശങ്കറുമായി ബന്ധപ്പെട്ടു നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. ഗ്രീന്‍ ചാനല്‍ അനുവദിക്കുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. എയര്‍പോര്‍ട്ടുകളില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഗ്രീന്‍ ചാനലുകളിലൂടെ ശിവശങ്കര്‍ അടക്കം കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവരുടെ ലഗേജുകളും പരിശോധിച്ചിരുന്നില്ല. ഇക്കാര്യവും അന്വേഷിക്കേണ്ടതാണെന്ന് ബി ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com