സ്വപ്‌ന സുരേഷിനെ കോണ്‍സുലേറ്റിലേക്ക് ശുപാര്‍ശ ചെയ്തത് കോണ്‍ഗ്രസ് എംപി; കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുകൂവി ബിജെപി യഥാര്‍ത്ഥ  കള്ളനെ രക്ഷിക്കുന്നുവെന്ന് സിപിഎം

ഇതുമായി ഒരു തരത്തിലും ബന്ധമില്ലാത്ത സംസ്ഥാനസര്‍ക്കാരിനെയും ഇടതുപക്ഷത്തേയും പ്രതിക്കൂട്ടിലാക്കാന്‍ കഴിയുമോയെന്ന വൃഥാശ്രമാണ് നടക്കുന്നത്
സ്വപ്‌ന സുരേഷിനെ കോണ്‍സുലേറ്റിലേക്ക് ശുപാര്‍ശ ചെയ്തത് കോണ്‍ഗ്രസ് എംപി; കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുകൂവി ബിജെപി യഥാര്‍ത്ഥ  കള്ളനെ രക്ഷിക്കുന്നുവെന്ന് സിപിഎം

തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ദുരൂഹത സൃഷ്ടിച്ച് യഥാര്‍ഥപ്രതികളെ രക്ഷപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചന അതീവ ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നയതന്ത്രവഴി ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തികൊണ്ടുവന്നവരേയും അതിനുപുറകിലുള്ളവരെയും പിടികൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണം.  അതിനു കഴിയുന്ന സമഗ്രമായ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കണം. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണമായാലും അതിനുള്ള എല്ലാ പിന്തുണയും സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അത് അറിഞ്ഞിട്ടും കേന്ദ്രവിദേശ കാര്യസഹമന്ത്രി നടത്തിയ ചില പ്രതികരണങ്ങള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍നിന്നും ഒഴിഞ്ഞുമാറലാണ്. ഇതിനു മുമ്പും പല തവണ നയതന്ത്ര വഴി ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തിയതായാണ് പറയുന്നത്. അതൊന്നും പിടികൂടാന്‍ കസ്റ്റംസിനു കഴിഞ്ഞില്ല. നയതന്ത്രാലയങ്ങളുടെ പേരില്‍ വരുന്ന പാഴ്‌സലുകള്‍ സംശയമുളവാക്കിയിരുന്നതായും വാര്‍ത്തകളുണ്ട്. അത് സ്വഭാവികമായും വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാകും. ഇതു സംബന്ധിച്ച് ഇതുവരെ അന്വേഷണമൊന്നും നടത്താതിരുന്നത് ആരെ സംരക്ഷിക്കാനായിരുന്നെന്നാണ് മുരളീധരന്‍ വ്യക്തമാക്കേണ്ടത്.
 
കോണ്‍ഗ്രസും ബിജെപിയും ഒരു സംഘം മാധ്യമങ്ങളും പുകമുറ സൃഷ്ടിച്ച് സ്വര്‍ണ്ണകള്ളക്കടത്ത് എന്ന അടിസ്ഥാന പ്രശ്‌നത്തില്‍നിന്നും ശ്രദ്ധതിരിച്ചുവിടുന്നതും രാഷ്ട്രീയവും സാമ്പത്തികവുമായ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആരാണ് സ്വര്‍ണ്ണം കടത്തിയത്, ആര്‍ക്കുവേണ്ടിയാണ് ഇതു ചെയ്തത്, എത്രകാലമായി ഇതുചെയ്തുവരുന്നു, ഇതിനു സഹായം നല്‍കുന്ന ശക്തികള്‍ ആരൊക്കെയാണ്, ആര്‍ക്കെല്ലാമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത് എന്നിവയാണ് അടിസ്ഥാന ചോദ്യങ്ങള്‍. എന്നാല്‍, ഈ ചോദ്യങ്ങളിലേക്ക് കടക്കാതിരിക്കുന്നതിനുള്ള അതീവജാഗ്രതയാണ് ഈ സംഘം നടത്തുന്നത്. അതിനായി ഏതറ്റം വരെ പോകാനും മടിയില്ലെന്ന് ഓരോ മിനിറ്റിലും തെളിയിക്കുകയാണ്.

കള്ളക്കടത്ത് സ്വര്‍ണ്ണം വിട്ടു കിട്ടാന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ ആദ്യം വിളിച്ച വ്യക്തി ബിഎംഎസ് നേതാവാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ് ഇത് മനസ്സിലാക്കി ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് വിളിച്ചതെന്ന ആരോപണം ഉന്നയിച്ചത്. കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുകൂവി യഥാര്‍ത്ഥ കള്ളനെ രക്ഷപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. അതിനു കൂട്ടുനില്‍ക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്.
 
ഇതുമായി ഒരു തരത്തിലും ബന്ധമില്ലാത്ത സംസ്ഥാനസര്‍ക്കാരിനെയും ഇടതുപക്ഷത്തേയും പ്രതിക്കൂട്ടിലാക്കാന്‍ കഴിയുമോയെന്ന വൃഥാശ്രമാണ് നടക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുള്ളതായി പറയുന്ന സ്വപ്ന സുരേഷ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എയര്‍ഇന്ത്യയുമായി ബന്ധപ്പെട്ട സ്ഥാപനത്തിലും യുഎഇ കോണ്‍സുലേറ്റിലും ജോലിചെയ്തിരുന്നു. അതിന്റെ പിന്‍ബലത്തില്‍ ഐടി വകുപ്പിന്റെ കരാര്‍ എടുത്ത സ്ഥാപനത്തിന്റെ ഉപകരാറുകാരുടെ താല്‍ക്കാലിക ജീവനക്കാരിയായി. ഇവര്‍ക്ക് കളളക്കടത്തില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞയുടന്‍  പുറത്താക്കാന്‍ ആവശ്യപ്പെടുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഇവരുമായി വ്യക്തിബന്ധമുണ്ടെന്ന് ആക്ഷേപം വന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റുകയും ചെയ്തു. മറ്റൊരു സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കാത്ത ധീരമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്.

 എന്നാല്‍, കേസിലെ പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി കേന്ദ്രഭരണകക്ഷിയുമായി ബന്ധമുള്ളവര്‍ ഇടപെട്ടെന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. ഈ കേസില്‍ മുഖ്യകണ്ണിയായ സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകനും നേതൃത്വവുമായി അടുത്ത ബന്ധമുള്ളയാളുമാണ്. മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിനെ കോണ്‍സുലേറ്റിലേക്കും എയര്‍ ഇന്ത്യാസാറ്റ്‌സിലേക്കും ശുപാര്‍ശ ചെയ്തത് കോണ്‍ഗ്രസ് എംപിയാണെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഇത്തരം സ്വാധീനങ്ങള്‍ വഴി കേസ് അട്ടിമറിക്കപ്പെടാതിരിക്കുന്നതിന് നിതാന്ത ജാഗ്രതയുണ്ടാകേണ്ടതുണ്ട്. ഇന്ത്യയിലേക്കുള്ള സ്വര്‍ണ്ണകള്ളക്കടത്തിന്റെ 98 ശതമാനവും പിടിക്കപ്പെടാതെ പോകുന്ന സാഹചര്യത്തില്‍ ഇതു പ്രധാനമാണ്.
 
 എന്നാല്‍, സാധാരണഗതിയില്‍ ഈ ജാഗ്രത പുലര്‍ത്തേണ്ട മാധ്യമങ്ങളില്‍ ഒരു വിഭാഗമാണ് കള്ളവാര്‍ത്തകളിലൂടെ ശ്രദ്ധതിരിച്ചുവിടുന്നതിന് ശ്രമിക്കുന്നത്. അതില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അപ്പുറത്ത് ഉടമസ്ഥതയിലെ സാമ്പത്തിക താല്‍പര്യങ്ങളുമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനായി കള്ളചിത്രമുണ്ടാക്കിയത് കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ചാനലാണ്. ബിജെപിക്കാരനായ സന്ദീപ് നായര്‍ സിപിഐഎംകാരനാണെന്ന് വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റും മനോരമ ചാനലും എഡിറ്റ് ചെയ്തുണ്ടാക്കിയ ദൃശ്യങ്ങള്‍ നല്‍കി. ഇതുകയ്യോടെ പിടികൂടിയിട്ടും തെറ്റുസമ്മതിച്ച് ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായില്ല. ബിഎംഎസ് നേതാവിന്റെ ബന്ധം പുറത്തുവന്നിട്ടും വാര്‍ത്തയില്‍ ട്രേഡ്‌യൂണിയന്‍ നേതാവ് എന്നു മാത്രം ഉപയോഗിച്ച് രക്ഷിക്കാനും മനോരമ പത്രം അതീവജാഗ്രത കാട്ടി. ഇതെല്ലാം കാണിക്കുന്നത് സ്വര്‍ണ്ണകടത്ത് പ്രതികളെ രക്ഷപ്പടുത്തുന്നതിനും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഈ മാധ്യമങ്ങളും കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ശ്രമിക്കുന്നുവെന്നാണ്. ഇത് നാടിനു നേരെയുള്ള വെല്ലുവിളിയാണ്. മഹാമാരിയില്‍നിന്നും മനുഷ്യനേയും നാടിനേയും രക്ഷപ്പെടുത്താനായി വിശ്രമരഹിതമായി പ്രവര്‍ത്തിച്ച് ലോകത്തിന്റെ അംഗീകാരം നേടിയ മുഖ്യമന്തി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും കിട്ടിയ അഭൂതപുര്‍വ്വമായ ജനപിന്തയും ഇക്കൂട്ടരെ വെപ്രാളപ്പെടുത്തുന്നുണ്ട്. ഇതെല്ലാം തിരിച്ചറിയാനും കേസ് അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാനും ജനങ്ങള്‍ തയ്യാറാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com